KERALA

സർക്കാർ ഉത്തരവിന് പുല്ലുവില; എആർ ക്യാംപിലെ താൽക്കാലിക ജീവനക്കാരനെ കൊണ്ട് വീട്ടുപണി ചെയ്യിച്ച് കമാൻഡൻ്റ്

തൃപ്പൂണിത്തുറ കെഎപി ഒന്നാം ബറ്റാലിയനിലെ താൽക്കാലിക ജീവനക്കാരനെയാണ് കമാൻഡൻ്റ് വീട്ടുജോലിക്കായി ഉപയോഗിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: എആർ ക്യാംപിലെ താൽക്കാലിക ജീവനക്കാരെ ഉന്നത ഉദ്യോഗസ്ഥർ വീട്ടുജോലിക്ക് ഉപയോഗിക്കരുതെന്ന ഉത്തരവിന് പുല്ലുവില. തൃപ്പൂണിത്തുറ കെഎപി ഒന്നാം ബറ്റാലിയനിലെ താൽക്കാലിക ജീവനക്കാരനെ കമാൻഡന്റ് വീട്ടുജോലിക്കായി ഉപയോഗിക്കുകയാണ്. എസ്‌പി റാങ്കിലുള്ള കമാൻഡന്റ് ജാക്സൺ പീറ്ററിന്റെ വീട്ടിലാണ് ക്യാംപ് ഫോളോവറായി എത്തിയ താൽക്കാലിക ജീവനക്കാരൻ ജോലി ചെയ്യുന്നത്.

ക്യാംപ് ഫോളോവേഴ്‌സിനെ വീട്ടുജോലിക്കു നിയോഗിക്കരുതെന്ന് വർഷങ്ങൾക്ക് മുൻപേ ഡിജിപിയുടെ നിർദേശം ഉണ്ട്. ഈ ഉത്തരവ് നിലനിൽക്കെയാണ് ജീവനക്കാരനെ തിരികെ വിടാതെ വീട്ടുജോലി ചെയ്യിപ്പിക്കുന്നത്. തൃപ്പൂണിത്തുറ കെഎപി ഒന്നാം ബറ്റാലിയനിലെക്ക്‌ ക്യാമ്പ് ഫോളോവർ ആയി എടുത്ത താത്കാലിക ജീവനക്കാരൻ, ക്യാംപ് കമാൻഡന്റ് ജാക്സൻ പീറ്ററിന്റെ ആലുവയിലെ വീട്ടിൽ ജോലിക്കാരാനാണ്. വിവരം അറിഞ്ഞ ന്യൂസ് മലയാളം താൽകാലിക ജീവനക്കാരനെ ഫോണിൽ വിളിച്ച് സംസാരിച്ചു.

കഴിഞ്ഞ ഒരു വർഷമായി ജാക്സൻ പീറ്ററിന്റെ വീട്ടിലെ ജോലിക്കാരനാണ് എന്ന് താൽക്കാലിക ജീവനക്കാരൻ സ്ഥിരീകരിച്ചു. ഇക്കാലയളവിൽ ഒരിക്കൽ പോലും ഫോളോവർ തസ്തികയിൽ ജോലിക്കെടുത്ത താൽക്കാലിക ജീവനക്കാരൻ ക്യാംപിൽ എത്തിയിട്ടില്ല. ക്യാംപിലെ പ്രൈവറ്റ് ഫണ്ട് വക മാറ്റി ചെലവഴിച്ചു എന്നും ആരോപണം ഉണ്ട്.

SCROLL FOR NEXT