തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള പ്രതികൾ സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത് തടയാനാണ് നീക്കം. ഇതിനായാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ശുപാർശ എസ്ഐടി ആഭ്യന്തര വകുപ്പിന് മുന്നിൽ വെച്ചത്.
കേസുമായി ബന്ധപ്പെട്ട് സന്നിധാനത്തെ നിർണായക സ്ട്രോങ് റൂം പരിശോധന പൂർത്തിയായിട്ടുണ്ട്. വാതിലിന്റെയും പ്രഭാമണ്ഡല പാളിയുടെയും സാമ്പിളടക്കം ശേഖരിച്ച എസ്ഐടി, വിഎസ്എസ്‌സി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുകഴിഞ്ഞു. ഈ സാമ്പിളുകൾ ഉപയോഗിച്ചുകൊണ്ട് വീണ്ടും പരിശോധന നടത്താനുള്ള ആലോചനയാണ് നടക്കുന്നത്. അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന്റെ ആരോഗ്യനില പരിശോധിക്കാനുള്ള മെഡിക്കൽ ബോർഡ് ഇന്ന് രൂപീകരിച്ചേക്കും. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്.
അതേസമയം അറസ്റ്റിലായ മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യം തേടിയാണ് മുരാരി ബാബുവിൻ്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരിക്കുന്നത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും അറസ്റ്റ് ചെയ്തിട്ട് 90 ദിവസം പൂർത്തിയായ സാഹചര്യത്തിൽ കോടതി സ്വാഭാവിക ജാമ്യം അനുവദിക്കാനാണ് സാധ്യത.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ചതും മുരാരി ബാബുവിൻ്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാണിക്കും. മുരാരി ബാബുവിന് ജാമ്യം അനുവദിച്ചാൽ അത് എസ്ഐടിക്ക് വലിയ തിരിച്ചടിയാകും.
കേസിൽ തന്ത്രി കണ്ഠര് രാജീവർക്കായി എസ് ഐ ടി സമർപ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തന്ത്രിയെ ഒരു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എസ്ഐടി ആവശ്യം. അതേസമയം തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷ കോടതി 23ന് പരിഗണിക്കും.