തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്. ദേവസ്വം ബോർഡ് ആസ്ഥാനത്ത് 68 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി ഹൈക്കോടതിയിൽ പരാതി ലഭിച്ചു. ദേവസ്വം പ്രസിലേക്ക് പേപ്പർ ഇറക്കിയ വകയിലാണ് ക്രമക്കേട് നടന്നത്. ദേവസ്വം ബെഞ്ചിന് മുന്നിലെത്തിയ പരാതി വിജിലൻസിന് കൈമാറിയിട്ടുണ്ട്.
മുൻ അസിസ്റ്റന്റ് മാനേജരുടെ കാലത്ത് ക്രമക്കേട് നടന്നെന്നാണ് ഹൈക്കോടതിയിൽ ലഭിച്ച പരാതി. നിയമനത്തിലും വിവാദം ഉയരുന്നുണ്ട്. നിയമനത്തിൽ ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റ് എന്നാണ് ആരോപണം. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന സംശയിക്കുന്ന ദേവസ്വം ആസ്ഥാനത്തെ അസിസ്റ്റന്റ് മെഷീൻ ഓപ്പറേറ്റർ വിജിലൻസ് നിരീക്ഷണത്തിലാണ്. ഇത് സംബന്ധിച്ച രേഖകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
അതേസമയം ശബരിമലയിലെ സ്വർണ മോഷണത്തിന് കളമൊരുക്കിയത് ഉദ്യോഗസ്ഥ അട്ടിമറിയെന്ന നിർണായക റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ബോർഡ് തീരുമാനം മറികടന്നാണ് ഉദ്യോഗസ്ഥർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ ശിൽപ്പങ്ങൾ കൊടുത്തയച്ചത്. ഇതിന് പിന്നിൽ ദേവസ്വം സെക്രട്ടറിയുടെ ഇടപെടലാണെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. തിരുവാഭരണ കമ്മീഷണറുടെ സാന്നിധ്യത്തിൽ ശിൽപ്പങ്ങൾ കൊണ്ടുപോകാൻ ആയിരുന്നു ബോർഡ് തീരുമാനം. ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവാണ് അട്ടിമറിക്ക് പിന്നിലെന്നും സൂചന.
ശബരിമല സ്വർണ മോഷണക്കേസിൽ ഇന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റിയെ ഒന്നാം പ്രതിയും ദേവസ്വം ജീവനക്കാരായ 9 പേരെ കൂട്ടുപ്രതികളും ആക്കും. എഡിജിപി എച്ച്. വെങ്കിടേഷിൻ്റെ നിർദ്ദേശപ്രകാരം പമ്പ സ്റ്റേഷനിലോ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തോ ആകും കേസ് രജിസ്റ്റർ ചെയ്യുക.