തിരുവനന്തപുരം: ശബരിമലയിലെ സ്വർണ മോഷണത്തിന് കളമൊരുക്കിയത് ഉദ്യോഗസ്ഥ അട്ടിമറിയെന്ന് റിപ്പോർട്ട്. ബോർഡ് തീരുമാനം മറികടന്നാണ് ഉദ്യോഗസ്ഥർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ ശിൽപ്പങ്ങൾ കൊടുത്തയച്ചത്. ഇതിന് പിന്നിൽ ദേവസ്വം സെക്രട്ടറിയുടെ ഇടപെടലാണെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. തിരുവാഭരണ കമ്മീഷണറുടെ സാന്നിധ്യത്തിൽ ശിൽപ്പങ്ങൾ കൊണ്ടുപോകാൻ ആയിരുന്നു ബോർഡ് തീരുമാനം. ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവാണ് അട്ടിമറിക്ക് പിന്നിലെന്നും സൂചന.
സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയ വിവാദ കാലയളവിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. സ്വര്‍ണം പൊതിഞ്ഞ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്താതെ ചെമ്പ് പാളിയെന്ന് മാത്രം രേഖപ്പെടുത്തിയതില്‍ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് വിജിലൻസ് റിപ്പോർട്ടിലും മുരാരി ബാബുവിൻ്റെ പേര് മുഴങ്ങികേൾക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു.
ശബരിമല സ്വർണ മോഷണക്കേസിൽ ഇന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റിയെ ഒന്നാം പ്രതിയും ദേവസ്വം ജീവനക്കാരായ 9 പേരെ കൂട്ടുപ്രതികളും ആക്കും. എഡിജിപി എച്ച്. വെങ്കിടേഷിൻ്റെ നിർദ്ദേശപ്രകാരം പമ്പ സ്റ്റേഷനിലോ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തോ ആകും കേസ് രജിസ്റ്റർ ചെയ്യുക.
അതേസമയം ശബരിമല സ്ട്രോങ്ങ് റൂം പരിശോധനക്കായി ജസ്റ്റിസ് കെ. ടി. ശങ്കരൻ ഇന്ന് സന്നിധാനത്തെത്തും. സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വത്തുവകകളുടെ കണക്കുകൾ പരിശോധിക്കും. സന്നിധാനത്തെ പരിശോധന പൂർത്തിയാക്കിയ ശേഷം ആറന്മുളയിലെ പ്രധാന സ്ട്രോങ്ങ് റൂമും പരിശോധിക്കും. തിരുവാഭരണം കമ്മീഷണർ ഉൾപ്പെടെ ഉദ്യോഗസ്ഥരും ജസ്റ്റിസ് ശങ്കരനൊപ്പം ഉണ്ട്.