എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി Source: Live Law
KERALA

ബൈക്കിന് തുടർച്ചയായി തകരാറെന്ന് പരാതി; എക്സ്റ്റൻഡഡ് വാറൻ്റിയും 30,000 രൂപ നഷ്ടപരിഹാരവും നൽകാൻ കോടതി ഉത്തരവ്

തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന പാലാൽ മോട്ടോഴ്സ് എന്നിവർക്ക് എതിരെ നൽകിയ പരാതിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പുതിയതായി വാങ്ങിയ ബൈക്ക് തുടർച്ചയായി എൻജിൻ തകരാർ മൂലം ഉപയോഗിക്കാൻ കഴിയാത്തതിന് മുപ്പതിനായിരം രൂപ നഷ്ടപരിഹാരവും ആറുമാസം എക്സ്റ്റൻഡഡ് വാറൻ്റിയും ഉപഭോക്താവിന് നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.

​പെരുമ്പാവൂർ, റയൺപുരം, സ്വദേശി എ.പി സോമശേഖരൻ, ഹീറോ മോട്ടോ കോർപ്പ് ലിമിറ്റഡ്, തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന പാലാൽ മോട്ടോഴ്സ് എന്നിവർക്ക് എതിരെ നൽകിയ പരാതിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

2021 സെപ്റ്റംബർ മാസത്തിലാണ് ₹82,400/- രൂപയ്ക്ക് പാലാൽ മോട്ടോഴ്‌സിൽ നിന്ന് ഹീറോ ഗ്ലാമർ ബൈക്ക് വാങ്ങിയത്. അന്നു മുതൽക്കേ ആവർത്തിച്ചുള്ള തകരാറുകൾ ഉണ്ടായെന്നും, ഇത് പരിഹരിക്കാൻ സർവീസ് സെൻ്ററുകൾക്ക് കഴിഞ്ഞില്ലെന്നും എഞ്ചിൻ തകരാറുകൾക്ക് കാരണം നിർമാണത്തിലെ പിഴവാണെന്നും പരാതിയിൽ പറയുന്നു.

​ വാഹനങ്ങൾ ഗുണനിലവാര പരിശോധനകൾക്കും റോഡ് ടെസ്റ്റിനും ശേഷമാണ് വിതരണം ചെയ്യുന്നതെന്നും, തങ്ങളുടെ പരിശോധനയിൽ നിർമാണ ദോഷമൊന്നും കണ്ടെത്താനായില്ലെന്നും എതിർകക്ഷികൾ കോടതിയിൽ വാദിച്ചു.

രണ്ടാമത്തെ സർവീസിനിടെ ഡിഫെക്ടീവ് ഫ്യൂവൽ പമ്പ് അസംബ്ലി സൗജന്യമായി മാറ്റി നൽകിയെന്നും അതിനുശേഷം പരാതിക്കാരൻ ഒരു തകരാറും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ അറിയിച്ചു. വാങ്ങിയ ഉടൻതന്നെ തുടർച്ചയായി ബൈക്കിന് തകരാറുകൾ സംഭവിക്കുന്നതും ബൈക്കിന് തകരാറ് ഉണ്ടെന്ന് കോടതി നിയോഗിച്ച എക്സ്പെർട്ട് റിപ്പോർട്ടും കോടതി പരിഗണിച്ചു.

​എതിർകക്ഷികൾ പരാതിക്കാരൻ്റെ ബൈക്ക് തകരാറുകളില്ലാത്ത അവസ്ഥയിലാക്കി ആറുമാസത്തെ എക്സ്റ്റൻഡഡ് വാറൻ്റിയും നൽകണം. കൂടാതെ, കൂടാതെ മാനസികമായി ബുദ്ധിമുട്ടിച്ചതിനും കോടതി ചെലവിനത്തിലും 30,000/- രൂപ നഷ്ടപരിഹാരവും 30 ദിവസത്തിനകം നൽകണമെന്നും ഡി.ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി. എൻ. ശ്രീവിദ്യ എന്നിവരുടെ ബഞ്ച് എതിർകക്ഷികൾക്ക് ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് കോടതിയിൽ ഹാജരായി.

SCROLL FOR NEXT