പാട്ന: ബിഹാറില്‍ ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍ കൂട്ടബലാത്സംഗം. ബിഹാർ മിലിട്ടറി പൊലീസ് റിക്രൂട്ട്മെന്‍റില്‍ പങ്കെടുക്കാനെത്തിയ യുവതിയാണ് ബലാത്സംഗത്തിനിരയായത്. പരിശീലനത്തിനിടെ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അതിക്രമം.
ജൂണ്‍ 24ന് ബിഹാറിലെ ഗയാ ജില്ലയില്‍ സംഘടിപ്പിച്ച ഹോം ഗാർഡ് റിക്രൂട്ട്മെന്റ് ഡ്രൈവിനിടെയാണ് അതിക്രമം നടന്നത്. ബോധ്‍ ഗയയിലെ ബിഹാർ മിലിട്ടറി പൊലീസ് ഗ്രൗണ്ടിലായിരുന്നു പരിശീലന പരിപാടി. റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാനെത്തിയ യുവതി ഫിസിക്കല്‍ ടെസ്റ്റിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
കുഴഞ്ഞുവീണ യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് അതിക്രമം നടന്നത്. ആംബുലന്‍സിനുള്ളില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന സമയത്ത് ഒന്നിലധികം പേർ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ മൊഴി.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബോധ് ഗയ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രത്യേക അന്വേഷ സംഘത്തെയും രൂപീകരിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ, തിരിച്ചറിഞ്ഞ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആംബുലൻസ് ഡ്രൈവർ വിനയ് കുമാറിനെയും ടെക്‌നീഷ്യൻ അജിത് കുമാറിനെയുമാണ് അറസ്റ്റ് ചെയ്തത്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ വഴി വാഹനത്തിന്റെ റൂട്ടും സമയക്രമവും കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.