KERALA

എറണാകുളത്ത് എൽഡിഎഫ് സ്ഥാനാർഥി ഇരട്ട വോട്ട് ചെയ്തെന്ന് പരാതി; കോട്ടയത്തും പത്തനംതിട്ടയിലും പോൾ ചെയ്ത വോട്ടുകളിൽ വ്യത്യാസം

സ്ഥാനാർഥിയുടെ പേര് വോട്ടിങ് മെഷീനിൽ തെളിയാതിരുന്നതോടെ വോട്ടിങ് നിർത്തിയ ആലപ്പുഴ മണ്ണഞ്ചേരിയിൽ മറ്റന്നാൾ റീപോളിങ് നടത്തും

Author : ന്യൂസ് ഡെസ്ക്

എറണാകുളം: എൽഡിഎഫ് സ്ഥാനാർഥി ഇരട്ട വോട്ട് ചെയ്തെന്ന് പരാതി. മുടക്കുഴ പഞ്ചായത്ത് ഒന്നാം വാർഡ് സ്ഥാനാർഥി അപർണ മോഹനന്റെ പേരിൽ രണ്ടു വോട്ടുകൾ ചെയ്തതായാണ് പരാതി. രണ്ടു വോട്ടുകളും പോൾ ചെയ്തതിനെ തുടർന്ന് ബിജെപി സ്ഥാനാർഥി ഇലക്ഷൻ കമ്മീഷന് പരാതി നൽകി. ഒരു വോട്ട് സ്ഥാനാർഥി നേരിട്ടും, മറ്റേ വോട്ട് വേറെയാരോ കള്ളവോട്ടും ചെയ്തു എന്നാണ് ബിജെപിയുടെ പരാതിയിൽ പറയുന്നത്. രണ്ട് ക്രമനമ്പറിലും പറയുന്നവർ രണ്ട് ആളുകളാണെന്നും, സ്ഥാനാർഥി ഒരു വോട്ട് മാത്രമാണ് ചെയ്തിട്ടുള്ളത് എന്നും സിപിഐഎം നേതൃത്വം വ്യക്തമാക്കി.

അതേസമയം, കോട്ടയം വെള്ളൂർ പഞ്ചായത്തിൽ പോൾ ചെയ്ത വോട്ടുകളിൽ വ്യത്യാസം ഉള്ളതായും പരാതി. വെള്ളൂർ പഞ്ചായത്ത് ആറാം വാർഡിൽ 804 പേരാണ് വോട്ട് ചെയ്തത്. എന്നാൽ ഇവിഎമ്മിൽ 805 വോട്ടാണ് കാണിക്കുന്നത്. വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ഇലക്ഷൻ കമ്മീഷന് പരാതി നൽകി.

പത്തനംതിട്ട മുട്ടുകുടുക്കയിലും സമാന പരാതി ഉയർന്നിട്ടുണ്ട്. സിഎംഎസ് എൽപി സ്കൂളിൽ ആകെ പോൾ ചെയ്തത് 705 വോട്ടുകളാണ്. വോട്ടിങ് മെഷീനിൽ കുറഞ്ഞ വോട്ടുകൾ മാത്രമാണ് കാണിക്കുന്നതെന്നാണ് പരാതി. കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡിലും പോൾ ചെയ്ത വോട്ടുകളിൽ വ്യത്യാസമുള്ളതായി പരാതി ഉയർന്നു. ചെയ്തതിൽ കൂടുതൽ വോട്ട് മെഷീനിൽ കാണിക്കുന്നു എന്നാണ് പരാതി. ആകെ 449 വോട്ടാണ് ഇവിടെയുള്ളത്. എന്നാൽ 543 വോട്ട് മെഷീനിൽ കാണുന്നുവെന്നാണ് ആരോപണം.

സ്ഥാനാർഥിയുടെ പേര് വോട്ടിങ് മെഷീനിൽ തെളിയാതിരുന്നതോടെ വോട്ടിങ് നിർത്തിയ ആലപ്പുഴ മണ്ണഞ്ചേരിയിൽ മറ്റന്നാൾ റീപോളിങ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ വ്യക്തമാക്കി. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ ഗവ. ഹൈസ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലാണ് റീപോളിങ് നടത്തുക.

SCROLL FOR NEXT