കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ മണ്ഡലമായ വടക്കൻ പറവൂരിലെ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച രണ്ട് മൃതദേഹങ്ങൾ അഴുകിയതായി പരാതി. മരിച്ചവരുടെ ബന്ധുക്കളാണ് പരാതി നൽകിയത്.
കഴിഞ്ഞ പതിനാറാം തീയതി തെന്നി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളുടെ മരണം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പിറ്റേദിവസം തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോഴാണ് അഴുകിത്തുടങ്ങിയതായി ശ്രദ്ധയിൽപ്പെട്ടത്.
മൃതദേഹത്തിൻ്റെ താഴ്‌ഭാഗത്തേക്ക് മാത്രമാണ് തണുപ്പ് ലഭിച്ചിരുന്നത്. ഇതാണ് അഴുകാൻ ഇടയാക്കിയത്. മരിച്ച ജെസി പൈലിയുടെ മകൻ വിനേഷാണ് ഇത് സംബന്ധിച്ച പരാതി ഉന്നയിച്ചത്. മൃതദേഹം അഴുകിയത് തന്നെ മാനസികമായി വിഷമിപ്പിച്ചുവെന്ന് വിനേഷ് പറഞ്ഞു.
സംഭവത്തിൽ നിയമപോരാട്ടം നടത്താനാണ് വിനേഷിൻ്റെ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി കെ. മുരളീധരന് പരാതി നൽകി. അതേസമയം സമാനമായ രീതിയിൽ മറ്റൊരാളുടെ മൃതദേഹവും അഴുകിയതായി കണ്ടെത്തിയിരുന്നു.
നാല് മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമാണ് പറവൂർ താലൂക്ക് ആശുപത്രിയിലുള്ളത്. ഒരു മൊബൈൽ ഫ്രീസറുമുണ്ട്. മോർച്ചറിയിലെ സൗകര്യങ്ങൾക്ക് 15 വർഷത്തോളം പഴക്കമുണ്ടെന്നാണ് വിവരം.