താമരശേരി പൊലീസ് സ്റ്റേഷൻ Source: News Malayalam 24x7
KERALA

താമരശേരിയിൽ പൊലീസ് യുവാവിനെ മർദിച്ചതായി പരാതി; വ്യാജ പരാതിയെന്ന് പൊലീസ്

മറ്റൊരു കേസിൽ സാക്ഷി പറയാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മർദിച്ചുവെന്നാണ് മുക്കം സ്വദേശി നിതീഷിൻ്റെ ആരോപണം

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: താമരശേരിയിൽ യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. മറ്റൊരു കേസിൽ സാക്ഷി പറയാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മർദിച്ചുവെന്നാണ് മുക്കം സ്വദേശി നിതീഷിൻ്റെ ആരോപണം. എന്നാൽ വ്യാജ പരാതിയാണെന്ന നിലപാടിലാണ് പൊലീസ്.

മുക്കം സ്വദേശി നിതീഷാണ് തന്നെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ ഒക്ടോബർ 17 ന് കോരങ്ങാടുള്ള വനിതാ ടെയ്‌ലറിംഗ് ഷോപ്പിൽ പ്രദേശവാസി അക്രമം നടത്തിയപ്പോൾ നിതീഷ് സാക്ഷിയായിരുന്നു. പ്രതിക്കെതിരെ നിതീഷ് മൊഴി നൽകുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിനായി കഴിഞ്ഞ ചൊവ്വാഴ്ച നീതീഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും സ്ഥലത്തുണ്ടായിരുന്നില്ല. തുടർന്ന് ഇന്ന് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ താൻ എന്തിനാണ് പരാതിക്കാരിയേയും അവരുടെ വീട്ടുകാരേയും നിരന്തരം വിളിക്കുന്നതെന്ന് ചോദിച്ച് സാബു എന്ന പൊലീസ് ഉദ്യോഗസ്ഥനും, മറ്റ് മൂന്ന് പേരും ചേർന്ന് മർദിച്ചെന്നാണ് നിതീഷിൻ്റെ ആരോപണം.

കടയിൽ തുണി എത്തിച്ചു തരുന്നത് നിതീഷാണെന്ന് ടെയ്‌ലറിംഗ് ഷോപ്പ് നടത്തിപ്പുകാരിപറഞ്ഞു. കടയിലെ അക്രമത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകി ഒരു മാസം കഴിഞ്ഞായിരുന്നു കേസെടുത്തത്, പ്രതിയെ ഇതുവരെ പിടികൂടിയിട്ടുമില്ല. ഇതിനിടയിലാണ് വീണ്ടും നിതീഷിനെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചതും മറ്റ് പ്രശ്നങ്ങളുണ്ടാകുന്നതും.

എന്നാൽ മർദനപരാതി വ്യാജമാണെന്നും പരാതിക്കാരൻ മുൻപ് നിരവധി കേസുകളിൽ പ്രതിയാണെന്നും റൗഡി ലിസ്റ്റിൽപ്പെട്ടയാളാണെന്നുമാണ് പൊലീസിൻ്റെ വിശദീകരണം. നിതീഷ് കേസ് അന്വേഷണ ചുമതലയുള്ള എസ്ഐ സാബുനാഥുമായി കയർക്കുകയും ബഹളമുണ്ടാക്കി സ്റ്റേഷനിൽ നിന്നും ഇങ്ങിപ്പോവുകയുമായിരുന്നു എന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

SCROLL FOR NEXT