തൃശൂർ: തൃശൂരിൽ തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് കോൺഗ്രസും രംഗത്ത്. തൃശൂർ ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റാണ് ആരോപണവുമായി രംഗത്തെത്തിയത്. തൃശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും 11 വോട്ടുകൾ ചേർത്തുവെന്നാണ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം വോട്ട് ചേർത്തത് ധാർമിക പ്രശ്നമാണ്. ഇതിന് സമാനമായ ഉദാഹരണങ്ങളാണ് രാഹുൽ ഗാന്ധിയും ചൂണ്ടിക്കാട്ടിയത്.
തൃശൂരിൽ താമസമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 11 പേരും വോട്ട് ചെയ്തത്. വിലാസത്തിനായി മാത്രം ഒരു വീട് തെരഞ്ഞെടുത്തു, തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വീട് വിറ്റുവെന്നും ജോസഫ് ടാജറ്റാണ് പറഞ്ഞു.
സുരേഷ് ഗോപിയും കുടുംബവും അനിയൻ്റെ കുടുംബവും വോട്ട് ചേർത്തത് ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരിലാണ്. എന്നാൽ ഇപ്പോൾ ആ വീട്ടില്‍ ആരും താമസമില്ല. തെരഞ്ഞെടുപ്പ് ശേഷം ആ വീട് ബോംബെ കേന്ദ്രീകരിച്ച ഒരു കമ്പനിക്ക് കൊടുത്തുവെന്നും ജോസഫ് ടാജറ്റ് ആരോപിക്കുന്നത്.
ഇവർക്ക് ഇപ്പോഴും ഈ വിലാസത്തില്‍ വോട്ടുണ്ട്. എന്നാൽ ഇതേ വീട്ടുനമ്പറില്‍ കോർപ്പറേഷൻ തെരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയില്‍ ഇവരുടെ പേരില്ല. തൃശൂർ പാർലമെൻ്റിന് പുറത്തു നിന്നുള്ള എത്തിച്ച് ബിജെപി വോട്ടർ പട്ടികയിൽ ചേർത്തു എന്നതിന് ഇത് ഉദാഹരണമാണ്.
സുരേഷ് ഗോപി തന്നെയാണ് ഇതിന് തൃശൂരിൽ തുടക്കമിട്ടത്. 45 പേരുടെ തിരിച്ചറിയൽ കാർഡ് സഹിതം കോൺഗ്രസ് കളക്ടർക്ക് പരാതി നൽകിയിട്ടും നടപടികൾ ഒന്നും ഉണ്ടായില്ല. ഒരു ബൂത്തിൽ 25 മുതൽ 45 വരെ വോട്ടുകൾ ക്രമക്കേടിലൂടെ കടന്നുകൂടിയെന്നും ജോസഫ് ടജറ്റ് ആരോപിച്ചു.
സുരേഷ് ഗോപിയുടെ വിജയത്തിൽ കൃത്രിമം നടന്നിട്ടുണ്ട് എന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരനും രംഗത്തെത്തി. ഇത് ഞങ്ങൾ നേരത്തെ ഉന്നയിച്ച വിഷയമാണ് ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് 50,000ൽ പരം വ്യാജ വോട്ടുകൾ ചേർക്കപ്പെട്ടിട്ടുണ്ട്. ഒരു എക്സിറ്റ് പോളും ബിജെപി വിജയം പ്രവചിച്ചിരുന്നില്ല. യുഡിഎഫ് അല്ലെങ്കിൽ എൽഡിഎഫ് എന്നായിരുന്നു ട്രെൻഡ്. വോട്ടർപട്ടിക ക്രമക്കേടിൽ തൃശ്ശൂരിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും മുരളീധരൻ വ്യക്തമാക്കി.
സുരേഷ് ഗോപി ശാസ്തമംഗലത്തെ വോട്ടർ ആയിരുന്നു. അദ്ദേഹത്തിൻ്റെ കുടുംബവും ഡ്രൈവറും ഉൾപ്പെടെ തൃശൂർ ആണ് വോട്ട് ചേർത്തത്. സുരേഷ് ആ സമയങ്ങളിൽ മണ്ഡലത്തിൽ സജീവം അല്ലായിരുന്നു, തിരുവനന്തപുരത്തായിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിയാണ് സുരേഷ് ഗോപി വിജയിച്ചതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.