ആലപ്പുഴ: നൂറനാടിൽ ആർദ്രം പദ്ധതിയുമാടെ ഭാഗമായി നിർമിച്ച കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിട ഉദ്ഘാടനത്തെ ചൊല്ലി വിവാദം. ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയെ പറ്റി കൂടിയാലോചന നടത്തിയില്ലെന്ന് സിപിഐ ആരോപിച്ചു.
സിപിഐയുടെ നൂറനാട് എൽസി സെക്രട്ടറി ടി. കെ. രാജനാണ് ആരോപണവുമായി രംഗത്തെത്തിയത്. സിപിഐഎം ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നുവെന്നും ആയതിനാൽ ഉദ്ഘാടന ചടങ്ങിൽ സിപിഐ വിട്ടുനിൽക്കുമെന്നും ടി. കെ. രാജൻ അറിയിച്ചു. സിപിഐയോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും ടി. കെ. രാജൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
പ്രദേശത്തെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിപിഐ അംഗമാണ്. അദ്ദേഹത്തോട് പോലും ഈ കാര്യങ്ങൾ അറിയിച്ചിട്ടില്ല. സമീപകാലത്തായി ഇത്തരത്തിലൊരു സമീപനം തുടർന്ന് വരികയാണ്. അതിനോടുള്ള ശക്തമായ എതിർപ്പാണ് പ്രകടിപ്പിക്കുന്നതെന്നും ടി. കെ. രാജൻ പറഞ്ഞു.
ഇടതുപക്ഷ സർക്കാരാണ് ഇവിടെ ഭരിക്കുന്നത്. സിപിഐ അതിൻ്റെ ഭാഗമാണ്. ആ കാര്യത്തിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. പക്ഷേ, നിരന്തമായി നടന്നുകൊണ്ടിരിക്കുന്ന അവഗണന അവസാനിപ്പിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ നിലപാട് അവസാനിപ്പിച്ചേ മതിയാകൂ. അല്ലാത്തപക്ഷം പരസ്യമായി പ്രതിഷേധിക്കേണ്ടിവരുമെന്നും രാജൻ അറിയിച്ചു.