പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനായി കെപിസിസി സമർപ്പിച്ച സ്ഥാനാർഥി പട്ടികയിൽ 40 സീറ്റുകൾക്ക് സ്ക്രീനിംഗ് കമ്മിറ്റിയുടെ അംഗീകാരം. 10 സീറ്റുകളിലെ പട്ടിക തുടർചർച്ചകൾക്കായി മാറ്റിവച്ചു. ഇതിനിടെ പാലക്കാട് സീറ്റിൽ ജില്ലാ നേതൃത്വം നിർദ്ദേശിച്ച പേരുകൾ വെട്ടി രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള ഷാഫി പറമ്പിൽ എംപിയുടെ നീക്കത്തിന് നേതൃത്വം വഴങ്ങിയെന്നാണ് സൂചന. ഇതിന് പുറമെ മുല്ലപ്പള്ളി രാമചന്ദ്രനെ കോഴിക്കോട് ജില്ലയിൽ ഒരിടത്ത് പോലും പരിഗണിക്കാൻ കെപിസിസി നേതൃത്വം തയ്യാറായിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരുന്നതിന് മുൻപേ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം. 50 സീറ്റുകളിലെ സ്ഥാനാർഥി പട്ടികയാണ് കെപിസിസി നേതൃത്വം സ്ക്രീനിങ് കമ്മിറ്റിക്ക് സമർപ്പിച്ചത്. ഇതിൽ 40 സീറ്റുകളിലെ പേരുകൾക്ക് അംഗീകാരം ലഭിച്ചു. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ ഒഴികെ കോൺഗ്രസിന്റെ സിറ്റിംഗ് എംഎൽഎമാർ തുടരും. ലൈംഗികപീഡന കേസിൽ ഉൾപ്പെട്ട് പാർട്ടി പുറത്താക്കിയതിനെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയത്. ആരോഗ്യ കാരണങ്ങളാൽ മത്സരിക്കാനില്ലെന്ന് തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബുവും വ്യക്തമാക്കിയിരുന്നു. കോഴിക്കോട് നോർത്ത്, ഉദുമ, കണ്ണൂർ, തിരുവനന്തപുരം അടക്കം 10 മണ്ഡലങ്ങളിലെ പട്ടിക തുടർ ചർച്ചകൾക്കായി മാറ്റിവച്ചു. ഇതിൽ തിരുവനന്തപുരം മണ്ഡലം സിഎംപിക്ക് നൽകുന്നതിൽ ചർച്ചകൾ നടക്കുകയാണ്.
പാലക്കാട് മണ്ഡലത്തിൽ കണ്ണൻ ഗോപിനാഥൻ, കെ. മുരളീധരൻ എന്നിവരുടെ പേരുകളാണ് ജില്ലാ നേതൃത്വം നൽകിയിരുന്നത്. എന്നാൽ നടനും സംവിധായകനുമായ രമേഷ് പിഷാരടിയെ മത്സരിപ്പിക്കണമെന്നാണ് ഷാഫി പറമ്പിൽ എംപിയുടെ നിലപാട്. ഷാഫിയുടെ ആവശ്യത്തോട് കേന്ദ്ര നേതൃത്വം വഴങ്ങാനാണ് സാധ്യത.
കോഴിക്കോട് കോൺഗ്രസ് മത്സരിക്കുന്ന അഞ്ച് സീറ്റുകളിൽ ഒരിടത്ത് പോലും മുൻ കെപസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരില്ല. മുല്ലപ്പള്ളിയെ കണ്ണൂരിൽ പരിഗണിക്കാൻ സാധ്യതയുണ്ട്. കൊയിലാണ്ടിയിൽ ഡിസിസി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ, നാദാപുരത്ത് കെ.എം. അഭിജിത്, എലത്തൂരിൽ വിദ്യാ ബാലകൃഷ്ണൻ, കോഴിക്കോട് നോർത്ത് കെപിസിസി ജനറൽ സെക്രട്ടറി കെ. ജയന്ത് എന്നീ പേരുകളാണ് പട്ടികയിൽ. ബാലുശേരി മണ്ഡലത്തിൽ കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് കെ.ടി. സൂരജിന്റെയും, മുൻ എംപി രമ്യാ ഹരിദാസിന്റെയും പേരുകളാണ് പട്ടികയിലുള്ളത്. 40 സീറ്റുകളിൽ സ്ഥാനാർഥി നിർണയം ആയതോടെ, മറ്റു പത്ത് മണ്ഡലങ്ങളിൽ കൂടി ഉടൻ തീരുമാനമെടുക്കും. ആദ്യ ഘട്ടത്തിൽ 50 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെയും പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം.