കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരവിപുരം നിയോജകമണ്ഡലം സീറ്റ് ആർഎസ്പി വിട്ട് നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരവിപുരത്ത് മികച്ച വിജയം നേടിയതിന് പിന്നാലെയാണ് ആവശ്യം. ഇരവിപുരത്ത് തുടർച്ചയായി ആർഎസ്പി പരാജയപ്പെടുന്ന സാഹചര്യമാണുള്ളത്. മുസ്ലീം ലീഗും തുടർച്ചയായി പരാജയപ്പെട്ടു. ആർഎസ്പിക്ക് വിജയ സാധ്യതയുള്ള സ്ഥാനാർഥികളില്ലെന്ന് വിലയിരുത്തുമ്പോൾ കോൺഗ്രസ് മത്സരിച്ചാൽ വിജയം ഉറപ്പെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വിലയിരുത്തൽ.
കെപിസിസി ഭാരവാഹികളുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച കൊല്ലൂർവിള പള്ളിമുക്കിൽ നടന്ന ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിലായിരുന്നു ഐകകണ്ഠ്യേനയുള്ള ആവശ്യം. ലീഗും ആർഎസ്‌പിയും സ്ഥിരമായി പരാജയപ്പെടുന്ന മണ്ഡലത്തിൽ കോൺഗ്രസ് മത്സരിച്ചാൽ വിജയം ഉറപ്പെന്നായിരുന്നു അഭിപ്രായമുയർന്നത്.
ആർഎസ്‌പിയുടെ മുതിർന്ന നേതാവ് എ.എ. അസീസും മുൻ മന്ത്രി ബാബു ദിവാകരനും മത്സരിച്ചിട്ടും വിജയിക്കാനായില്ലെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ലീഗ് സ്ഥിരമായി പരാജയപ്പെട്ടതോടെയാണ് യുഡിഎഫ് മുന്നണിയിലേക്കെത്തിയ ആർഎസ്‌പിക്ക് സീറ്റ് വിട്ടുനൽകിയത്. സ്ഥലം എംഎൽഎ എം. നൗഷാദിന്റെ ബൂത്തടങ്ങുന്ന ഡിവിഷൻ ഉൾപ്പെടെ യുഡിഎഫ് വിജയിച്ചതായി സമ്മേളനം ചൂണ്ടിക്കാട്ടി.
ഇരവിപുരം നിയോജകമണ്ഡലത്തിൽപ്പെട്ട ഏക പഞ്ചായത്തായ മയ്യനാട് ഗ്രാമപ്പഞ്ചായത്ത് ഭരണം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 72 വർഷത്തിനുശേഷം വലിയ ഭൂരിപക്ഷത്തിൽ കോൺഗ്രസിന് തിരിച്ചുപിടിക്കാനായത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വിജയിച്ചു കയറാനുള്ള ചവിട്ടുപടിയാണെന്ന് നേതാക്കൾ യോഗത്തിൽ പറഞ്ഞു.