കെ.സി. വേണുഗോപാൽ Source: Screengrab
KERALA

കെ.സി. വേണുഗോപാലിനെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചു: കൈരളി ന്യൂസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിലും പൊലീസിലും പരാതി നൽകി കോൺഗ്രസ്

പണം വാങ്ങുന്നെന്ന് തോന്നിപ്പിക്കും വിധം എഡിറ്റ് ചെയ്ത ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചെന്നാണ് പരാതി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വ്യാജചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് കൈരളി ന്യൂസിന് എതിരെ പരാതി നൽകി കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും ആണ് പരാതി നൽകിയത്. പണം വാങ്ങുന്നെന്ന് തോന്നിപ്പിക്കും വിധം എഡിറ്റ് ചെയ്ത ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചെന്നാണ് പരാതി. ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിലും പരാതി.

പണം കൈപ്പറ്റുന്നു എന്ന് തോന്നിപ്പിക്കും വിധം ഡിജിറ്റൽ മാർഗങ്ങളിലൂടെ എഡിറ്റ് ചെയ്താണ് ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചത്. ചിത്രത്തിന് മുകളിൽ പച്ച നിറത്തിലുള്ള വട്ടം ബോധപൂർവം ചേർത്തുവച്ചു. വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പൊതുജനങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാനും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ആസൂത്രിത ശ്രമമാണിതെന്നും പരാതിയിൽ പറയുന്നു

വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, എക്‌സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഈ വ്യാജ ചിത്രം മനഃപൂർവം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നും പരാതിയുണ്ട്. ഇത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്നും കമ്മീഷന്റെ അടിയന്തര ഇടപെടൽ വേണമെന്നുമാണ് കോൺ​ഗ്​ഗസിന്റെ ആവശ്യം. സംഭവത്തിൽ ഉടൻ അന്വേഷണം ആരംഭിക്കണമെന്നും എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ചാനലിൽ നിന്നും ഈ വ്യാജ ചിത്രം അടിയന്തരമായി നീക്കം ചെയ്യണമെന്നും പരാതിയിൽ ആവശ്യമുണ്ട്. കെപിസിസി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂറാണ് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് പരാതി നൽകിയത്.

SCROLL FOR NEXT