ശശി തരൂർ എംപി Source: X/ Shashi Tharoor
KERALA

തരൂരിനെ 'ബ്ലോക്ക്' ചെയ്ത് ഹൈക്കമാൻഡ്; പൂർണമായി അവഗണിക്കാന്‍ നേതൃത്വം

തരൂർ വിഷയത്തിൽ പരസ്യ പ്രതികരണം പാടില്ലെന്നാണ് കെപിസിസിക്ക് നല്‍കിയിരിക്കുന്ന നിർദേശം

Author : ന്യൂസ് ഡെസ്ക്

കോൺഗ്രസ് നേതൃത്വത്തിനെ വിമർശിച്ച ശശി തരൂർ എംപിയെ പൂർണമായി അവഗണിക്കാൻ ഹൈക്കമാൻഡ്. തരൂരുമായി ചർച്ച ഇല്ലെന്ന് നേതൃത്വം വ്യക്തമാക്കി. എന്നാല്‍, രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകും. തരൂർ വിഷയത്തിൽ പരസ്യ പ്രതികരണം പാടില്ലെന്നാണ് കെപിസിസിക്ക് നല്‍കിയിരിക്കുന്ന നിർദേശം.

നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്നെ വിളിച്ചില്ലെന്ന് ശശി തരൂർ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കോൺഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ചുകൊണ്ടായിരുന്നു ശശി തരൂരിന്റെ പ്രസ്താവന. നേതൃത്വത്തോട് പലപ്പോഴും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. പക്ഷേ എല്ലാവരോടും സൗഹൃദപരമായാണ് പോകുന്നത്. തെരഞ്ഞെടുപ്പ് പോളിങ് ദിവസം അതേപ്പറ്റി സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നേരിട്ട് നേതൃത്വത്തോട് സംസാരിക്കാനാണ് ശ്രമമെന്നുമാണ് തരൂർ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, അത്തരത്തില്‍ ഒരു ചർച്ചയുടെ ആവശ്യമില്ലെന്നതാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് തരൂർ നടത്തിയ പ്രസ്താവനകളിലും നേതൃത്വത്തിനുള്ളില്‍ വിമർശനങ്ങളുണ്ട്.

അതേസമയം, നിലമ്പൂരിലേക്ക് ആർക്കും പ്രത്യേക ക്ഷണം ഉണ്ടായിരുന്നില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് തരൂരിന് നല്‍കിയ മറുപടി. തരൂർ താര പ്രചാരകരുടെ പട്ടികയിലുണ്ടായിരുന്നു. എ.കെ. ആൻ്റണി ഒഴിച്ചുള്ളവർ എത്തി. ആർക്കും പ്രത്യേക ക്ഷണമില്ലായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് തരൂർ വിദേശത്തായിരുന്നുവെന്നും അദ്ദേഹം തിരക്കിലായിരുന്നിരിക്കാമെന്നുമാണ് കെപിസിസി അധ്യക്ഷന്റെ വിശദീകരണം.

കെപിസിസി അധ്യക്ഷന്റെ വിശദീകരണത്തോട് ചേർന്നു നില്‍കുന്ന പ്രതികരണമാണ് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും നടത്തിയത്. തരൂർ വിദേശത്തായിരുന്നുവെന്ന വാദം മുരളീധരനും ആവർത്തിച്ചു. അദ്ദേഹം അവൈലബിൾ അല്ല എന്ന് അറിഞ്ഞതുകൊണ്ടാണ് പ്രത്യേകം ക്ഷണിക്കാത്തത്. അദ്ദേഹം പാർട്ടിയുടെ കരുത്തായി പ്രവർത്തിക്കും എന്നാണ് പ്രതീക്ഷ. കേരളത്തിലെ നേതൃത്വവുമായി അദ്ദേഹത്തിന് ഒരു പ്രശ്നവുമില്ല. വിദേശയാത്ര കാരണമാണ് ഇങ്ങനെ ഒരു വിടവ് വന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു. എന്നാല്‍, തരൂരിനെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിക്കാത്തതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രതികരണം.

അതിനിടെ ശശി തരൂർ, രാഹുൽ ഗാന്ധിക്ക് ജന്മദിന ആശംസകൾ നേരാത്തത് കോൺഗ്രസിൽ വിവാദമാക്കാൻ ഹൈക്കമാൻഡിലെ തരൂർ വിരുദ്ധ വിഭാഗം ശ്രമം തുടങ്ങി. രാഹുൽ ഗാന്ധിക്ക് ആശംസ നേരാത്ത ഏക പ്രവർത്തക സമിതി അംഗമാണ് ശശി തരൂർ എന്ന വികാരം പാർട്ടിയിൽ ചർച്ചയാക്കാനാണ് തരൂർ വിരുദ്ധ വിഭാഗം ശ്രമിക്കുന്നത്.

SCROLL FOR NEXT