KERALA

"അങ്ങ് അംബേദ്കറെ വായിക്കാൻ അധിക സമയം കണ്ടെത്തണം"; വി.ഡി. സതീശനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ്

മുൻ സത്യപ്രതിജ്ഞകളിൽ ഉപയോഗിക്കാതിരുന്ന മേനോൻ ഇപ്പോൾ എങ്ങനെ പേരിന്‍റെ വാലായി വന്നുവെന്നും അനൂപ് ചോദിച്ചു

Author : ന്യൂസ് ഡെസ്ക്

എറണാകുളം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ജാതിപ്പേര് ഉപയോഗിച്ചതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് അനൂപ് വി ആർ. വായനയ്ക്ക് സമയം മാറ്റിവയ്ക്കുന്ന മുഖ്യമന്ത്രി ഡോ. ബിആർ അംബേദ്കറെ വായിക്കാൻ കൂടുതൽ സമയം കണ്ടെത്തണമെന്ന് അനൂപ് വി.ആർ. പറഞ്ഞു. മുൻ സത്യപ്രതിജ്ഞകളിൽ ഉപയോഗിക്കാതിരുന്ന മേനോൻ ഇപ്പോൾ എങ്ങനെ പേരിന്‍റെ വാലായി വന്നുവെന്നും അനൂപ് ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ അനൂപിന്‍റെ വിമർശനം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

VADASSERY RAVEENDRANATH ANOOP എന്ന ഞാൻ.. ട്രോൾ അല്ല. VADASSERY മുഖ്യമന്ത്രിയുടെ മാത്രം അല്ല, എൻ്റേയും കുടുംബപ്പേര് ആണ് (മലയാളത്തിൽ വടശേരി എന്നല്ല , വടാശേരി എന്നും വായിക്കും) പക്ഷേ, ഞങ്ങൾ മേനോൻ, നായർ, വർമ ഒന്നും അല്ല. തീയ്യ-ഈഴവ ആണ് (ഇതേ കുടുംബപേരുള്ള മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും കണ്ടിട്ടുണ്ട്. അവർ ഈഴവർ മതം മാറിയതാവാനും സാധ്യതയുണ്ട്. കേരളത്തിലെ മുസ്ലീങ്ങളിലും, ക്രിസ്ത്യാനികളിലും ഒരു വലിയ വിഭാഗം ഈഴവർ മതം മാറിയവർ ആണല്ലോ) എന്ത്കൊണ്ട് ഇപ്പോൾ വടശേരി ദാമോദര മേനോൻ വരുന്നു എന്നാണല്ലോ ചോദ്യം. അത് അദ്ദേഹത്തിൻ്റെ പേരിൻ്റെ എക്സ്പാൻഷൻ ആണ് എന്നതാണ് ഒരു വാദം.

എന്നാൽ എന്ത് കൊണ്ട് അദ്ദേഹത്തിൻ്റെ മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മേനോൻ ഇപ്പോൾ എങ്ങനെ വന്നു എന്നതാണ് ചോദ്യം. ജാതി ഒരേ സമയം ഒരു സാമൂഹിക മൂലധനവും സാമൂഹിക അധികാരവും ആണ്. ഏതാണ്ട് ഒരു വർഷം മുൻപ് ഇന്നത്തെ മുഖ്യമന്ത്രി, അന്നത്തെ പ്രതിപക്ഷ നേതാവിനൊടൊപ്പം അന്തരിച്ച ചിന്തകൻ കെ.കെ. കൊച്ചിനെ സന്ദർശിച്ചപ്പോൾ, അദ്ദേഹം പറഞ്ഞ വാക്കുകൾ ഓർത്ത് പോവുന്നു. "അംബേദ്കറെ അധികം വായിക്കാൻ കഴിഞ്ഞിട്ടില്ല" ഔദ്യോഗിക കൃത്യനിർവഹണത്തിൻ്റെ തിരക്കുകൾക്കിടയിലും, വായനക്ക് വലിയ സമയം കണ്ടെത്തുന്ന അങ്ങ് അംബേദ്കറെ വായിക്കാൻ അധിക സമയം കണ്ടെത്തണം എന്ന് മാത്രമാണ് ഈ സന്ദർഭത്തിൽ പറയാനുള്ളത്.

SCROLL FOR NEXT