കെ. മുരളീധരൻ Google
KERALA

"അന്‍വര്‍ തീരുമാനം പുനഃപരിശോധിക്കണം; രാഷ്ട്രീയത്തില്‍ വികാരം കൊണ്ടിട്ട് കാര്യമില്ല, അത് ബോധ്യമുള്ള ആളാണ് ഞാന്‍"

യുഡിഎഫിലേക്ക് അൻവറിന് ഇനിയും പ്രവേശനമുണ്ടെന്ന സൂചന നൽകിയ കെ. മുരളീധരൻ, മുന്നണി ആരുടെ മുന്നിലും വാതിൽ കൊട്ടി അടച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു

Author : ന്യൂസ് ഡെസ്ക്

യുഡിഎഫിലേക്ക് ഇല്ലെന്ന നിലമ്പൂർ മുൻ എംഎൽഎ പി. വി. അൻവറിൻ്റെ നിലപാടിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. യുഡിഎഫിലേക്ക് അൻവറിന് ഇനിയും പ്രവേശനമുണ്ടെന്ന് കെ. മുരളീധരൻ സൂചന നൽകി. യുഡിഎഫ് ആരുടെ മുന്നിലും വാതിൽ കൊട്ടി അടച്ചിട്ടില്ല. തിരുത്തി വരാനുള്ള സാഹചര്യം അൻവറിന് മുന്നിൽ ഇപ്പോഴും ഉണ്ട്. അൻവർ തീരുമാനം പുനഃപരിശോധിക്കണമെന്നും കെ. മുരളീധരൻ പറഞ്ഞു.

അൻവറിന്റെ കാര്യത്തിൽ എടുത്തത് കൂട്ടായ തീരുമാനമാണെന്നും, അൻവർ ഈ രീതിയിൽ പ്രതികരിക്കുമെന്ന് കരുതിയില്ലെന്നും കെ. മുരളീധരൻ പറയുന്നു. പ്രതിപക്ഷ നേതാവിനെക്കുറിച്ചും, സ്ഥാനാർഥിയെക്കുറിച്ചും അൻവർ പരാമർശിച്ചപ്പോൾ, അത് തിരുത്തി സ്ഥാനാർഥിയെ പിന്തുണക്കണം എന്നാവശ്യപ്പെട്ടിരുന്നു. അങ്ങനെ എങ്കിൽ അസോസിയേറ്റ് അംഗമാക്കാം എന്ന് ഉറപ്പും നൽകി. അൻവറിനെ ഒപ്പം ചേർക്കാൻ മനഃപ്പൂർവ്വം വെച്ച് താമസിച്ചിട്ടില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമായാണ് കാണുന്നതെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ്, തെരഞ്ഞെടുപ്പിൽ ഇനി മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. ഇതൊരു രാഷ്ട്രീയ പോരാട്ടമാണ് വ്യക്തികൾക്ക് എതിരെയുള്ള പോരാട്ടമല്ല. അൻവറിൽ മാത്രം കെട്ടി തിരിയുന്നതിൽ അർഥമില്ല. അൻവർ മത്സരിക്കുന്നില്ല എന്നത് നല്ല കാര്യം. അൻവർ ഉണ്ടെങ്കിലും ഇല്ലെങ്കിലും നിലമ്പൂർ ജയിച്ച പറ്റൂവെന്നും കെ. മുരളീധരൻ പറഞ്ഞു.

പിണറായിസത്തിനെതിരെ പോരാട്ടം നടത്തിയെത്തിയ തൻ്റെ രാഷ്ട്രീയത്തോടൊപ്പം യുഡിഎഫ് നിന്നില്ലെന്ന അൻവറിൻ്റെ പ്രസ്താവനയിലും മുരളീധരൻ പ്രതികരിച്ചു. പിണറായിസത്തെ എതിർക്കുന്നെങ്കിൽ യുഡിഎഫിനെ പിന്തുണക്കുക അല്ലേ മാർഗമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം. അൻവർ തൃണമൂൽ കോണഗ്രസിൽ ചേർന്നത് ഞങ്ങളോട് ആലോചിച്ചില്ല. തൃണമൂലിനെ ഘടകകക്ഷി ആക്കാൻ കഴിയില്ല. അസോസിയേറ്റ് അംഗത്വമാണ് മാർഗം. സ്വന്തം പാർട്ടി ഉണ്ടാക്കി വന്നാൽ എടുക്കുന്നതിൽ തടസ്സമില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.

യുഡിഎഫിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും യുഡിഎഫിലേക്കില്ലെന്നുമായിരുന്നു അൻവറിൻ്റെ പ്രസ്താവന. പിണറായിസത്തിനെതിരെ പോരാട്ടം നടത്തിയെത്തിയ തൻ്റെ രാഷ്ട്രീയത്തോടൊപ്പം യുഡിഎഫ് നിന്നില്ല. പിണറായിസം മാറ്റി നിർത്തി മറ്റ് ഗൂഢശക്തികളുടെ താത്പര്യം സംരക്ഷിച്ച് തന്നെ പരാജയപ്പെടുത്തുക എന്നതാണ് നിലവിലെ അവരുടെ ലക്ഷ്യമെന്നും പി.വി. അൻവർ പറഞ്ഞു.

SCROLL FOR NEXT