സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസിനു നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് നേതാക്കള്‍. ഡിസിസി ഓഫീസിനു നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ജനാധിപത്യ രീതിയല്ല. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിസിടിവി പരിശോധിച്ച് അക്രമികളെ കണ്ടെത്തുമെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് ഓഫീസുകൾക്ക് സുരക്ഷ ഏർപ്പെടുത്തുമോ എന്ന ചോദ്യത്തിന്, അതിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
ബിജെപിയുടെ അക്രമരാഷ്ട്രീയം അനുവദിക്കില്ലെന്ന് കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ് പ്രതികരിച്ചു. പ്രവര്‍ത്തകരെ ബിജെപി കയറൂരി വിടുകയാണ്. അക്രമരാഷ്ട്രീയത്തിന് കോണ്‍ഗ്രസ് വഴങ്ങി നില്‍ക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. തൃശൂര്‍ ഡിസിസി ഓഫീസ് സന്ദര്‍ശിച്ചശേഷമായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
പാർട്ടി ഓഫീസ് ആക്രമിക്കത്തക്ക ഒരു സംഭവവും ഉണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ എന്‍. ശക്തന്‍ പ്രതികരിച്ചു. നെയ്യാറ്റിന്‍കരയില്‍ മന്ത്രി ഒ.ജെ. ജനീഷിനെ യുവമോര്‍ച്ച കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടാണ് നെയ്യാറ്റിൻകരയിൽ പ്രതിഷേധം ഉണ്ടായത്. അവിടെയുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വാക്കുതർക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു പിന്നാലെ വ്യാപകമായി പാർട്ടി ഓഫീസുകൾ ആക്രമിക്കുകയാണ്. ബോധപൂർവം കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കാനുള്ള ശ്രമം നടക്കുന്നു. ബിജെപിയുടെ പ്രാദേശിക പ്രവർത്തകരാണ് ആക്രമണത്തിനു പിന്നില്‍. പാർട്ടി പ്രവർത്തകർ പ്രകോപനം ഉണ്ടാക്കരുതെന്നും എൻ. ശക്തൻ പറഞ്ഞു.
തിരുവനന്തപുരം ഡിസിസി ഓഫീസിനുനേരെ ഇന്നലെ രാത്രിയോടെ കല്ലേറുണ്ടായി. പ്രധാന കവാടത്തിന്റെ ചില്ലുകള്‍ ഉള്‍പ്പെടെ എറിഞ്ഞു തകര്‍ത്തു. അതേസമയം, നെയ്യാറ്റിന്‍കര ആനാവൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിടുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന ദ്രാവകം ഫ്ലക്സ് ബോർഡിൽ ഒഴിച്ചശേഷം തീ കത്തിക്കുകയായിരുന്നു. ഓടിട്ട പഴയ കെട്ടിടവും ഫ്ലക്സ് ബോർഡും കത്തിനശിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു നേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെ സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി യുവ മോര്‍ച്ച രംഗത്തെത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരായ ആക്രമണമെന്നാണ് ആരോപണം. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.