Source: News Malayalam 24X7
KERALA

ഘടകകക്ഷികളെ പിണക്കരുതെന്ന് കെ. മുരളീധരൻ, ഭിന്നാഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ പറയണമെന്ന് തരൂർ; കോൺഗ്രസ് ലീഡേഴ്സ് സമ്മിറ്റിൽ നിലപാട് അറിയിച്ച് നേതാക്കൾ

സാമുദായിക സംഘടനകളെ പൂർണമായി വിശ്വാസത്തിൽ എടുക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Author : ശാലിനി രഘുനന്ദനൻ

വയനാട്: മിഷൻ 2026മായി വയനാട്ടിൽ കോൺഗ്രസിൻ്റെ ദ്വിദിന ക്യാമ്പ് തുടരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാർഥി നിർണയവുമാണ് പ്രധാന ചർച്ച. ലീഡേഴ്സ് സമ്മിറ്റിൽ നേതാക്കൾ നിലപാട് വ്യക്തമാക്കി. മുസ്ലീംലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കാതെ മുന്നോട്ട് പോകണമെന്ന് കെ. മുരളീധരൻ പറഞ്ഞു.

സാമുദായിക സംഘടനകളെ പൂർണമായി വിശ്വാസത്തിൽ എടുക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഭിന്നാഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ പറയണമെന്ന് ശശി തരൂർ എംപിയും പറഞ്ഞു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ അമിതമായ ആത്മവിശ്വാസം വേണ്ടെന്ന് ദീപാ ദാസ് മുൻഷി പറഞ്ഞു.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവും സംഘവും വയനാട് നേതൃക്യാമ്പിൽ എത്തി. സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ക്യാമ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളാണ് ചര്‍ച്ചയാവുക. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ക്ക് ക്യാമ്പ് രൂപംനല്‍കും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയാണ് അധ്യക്ഷൻ.

പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോര്‍ കമ്മിറ്റി, രാഷ്ട്രീയ കാര്യ സമിതി അംഗങ്ങള്‍, എംഎല്‍എമാര്‍, എംപിമാര്‍, കെപിസിസി ഭാരവാഹികള്‍ അടക്കം ഇരുന്നൂറിലധികം പേര്‍ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തിനെതിരായ പ്രചാരണപരിപാടികൾക്ക് ക്യാമ്പ് രൂപം നൽകും.

SCROLL FOR NEXT