KERALA

മുഖ്യമന്ത്രി വർ​ഗീയതയെ ആളിക്കത്തിക്കുന്നു, അജണ്ട ധ്രുവീകരണം; എൻഎസ്എസ് എസ്എൻഡിപി ഐക്യത്തിൽ തെറ്റില്ലെന്ന് കോൺ​ഗ്രസ് നേതാക്കൾ

വർഗീയതയെ പുൽകുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്ന് ചെന്നിത്തല പറഞ്ഞു

Author : ലിൻ്റു ഗീത

തിരുവനന്തപുരം: സിപഐഎമ്മിനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. സിപഐഎം വർഗീയ രാഷ്ട്രീയത്തിനാണ് ശ്രമിക്കുന്നത്. സജി ചെറിയാനും എ.കെ. ബാലനും ഇത്തരം പരാമർശങ്ങൾ നടത്തുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസിനെതിരെ എൻഎസ്എസ് ഒന്നും പറഞ്ഞിട്ടില്ല. വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കണമായിരുന്നു. സമുദായ നേതാക്കളുമായി സൗഹൃദത്തിൽ പോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും വ്യക്തിഗതമായ തർക്കത്തിനില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രം​ഗത്തെത്തി. മുഖ്യമന്ത്രി തന്നെ നേരിട്ട് വർഗീയത ആളി കത്തിക്കുകയാണ്. പഴയ മാറാട് കലാപം വീണ്ടും ഓർമിപ്പിച്ചും മുറിവിൽ മുളക് തേച്ചും ജനങ്ങൾക്കിടയിൽ മുഖ്യമന്ത്രി ചേരിതിരിവുണ്ടാക്കുകയാണ്. വർഗീയതയെ പുൽകുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറി. നിയമസഭാ തെരഞ്ഞെടുപ്പിൽ വർ​ഗീയ ​ധ്രുവീകരണമാണ് സിപിഐഎമ്മിൻ്റെ അജണ്ട. മുഖ്യമന്ത്രി കാണിച്ചുതന്ന അതേ പാത പിന്തുടർന്നാണ് മന്ത്രി സജി ചെറിയാൻ വിവാദ പ്രസംഗം നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സിപിഐഎം അജണ്ടയാണ് വര്‍ഗീയ ധ്രുവീകരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എൻഎസ്എസും എസ്എൻഡിപിയും യോജിച്ചു പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. എന്നും മതേതര നിലപാടുകളുമായി മാത്രമേ കോൺഗ്രസ് മുന്നോട്ടുപോയിട്ടുള്ളൂ. എല്ലാമതവിഭാഗങ്ങളും യോജിച്ച് പോകുന്നതാണ് എപ്പോഴും നല്ലതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും പ്രാധാന്യം കുറച്ചുകാണുന്ന ആളല്ല താന്‍. കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് വലിയ സംഭാവനകള്‍ ചെയ്ത സമുദായ സംഘടനകളാണ്. എന്നും മതേതരനിലപാടുകളുമായാണ് അവര്‍ മുന്നോട്ടുപോയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ട അനിവാര്യമാണെന്നത് പാര്‍ട്ടിയുടെ നയമാണ്. അതാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇപ്പോഴത്തെ യുഡിഎഫ് അജണ്ട കഴിഞ്ഞ പത്തുവര്‍ഷമായി ജനം അനുഭവിക്കുന്ന ദുരന്തത്തില്‍ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം. പ്രതിപക്ഷ നേതാവിനെ സാമുദായിക സംഘടനകൾ എതിർക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത് അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുക എന്നതാണ് നിലവിലെ ഏക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി.ഡി. സതീശനെ ആര് വിമർശിച്ചാലും തങ്ങൾ എതിർക്കുമെന്നും പൂർണ പിന്തുണ നൽകുമെന്നും കെ. മുരളീധരനും വ്യക്തമാക്കി. ഏതു നേതാക്കൾക്ക് എതിരെ ആക്രമണം വന്നാലും ഞാൻ പിന്തുണ നൽകും. അത് ചെന്നിത്തല ആയാലും കെ.സി. വേണുഗോപാൽ ആയാലും പിന്തുണയ്ക്കും. രമേശ് ചെന്നിത്തലയോളം യോഗ്യൻ കോൺഗ്രസിൽ വേറെ ആരുണ്ടെന്ന എൻഎസ്എസ് അഭിപ്രായത്തിൽ അങ്ങനെ പറയണ്ടാന്ന് പറയാൻ ഞങ്ങൾക്ക് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. സമുദായിക ഐക്യം ഞങ്ങൾക്ക് എതിരല്ല. സാമുദായിക നേതാക്കന്മാരെ എല്ലാവരും സന്ദർശിക്കാറുണ്ട്. അതിനെ തിണ്ണ നിരങ്ങുക എന്നാരും പറയാറില്ലെന്നും വിമർശനങ്ങൾക്ക് ഞങ്ങൾ മറുപടി പറയുമെന്നും കെ. മുരളീധരൻ പറഞ്ഞു.

SCROLL FOR NEXT