Source: Social Media
KERALA

സിപിഐഎം വിട്ടുവന്നവരെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസിൽ പൊട്ടിത്തെറി; വിമതരായി മത്സരിക്കുമെന്ന് നേതാക്കൾ

തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ ചോദ്യം ചെയ്ത് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ വിജിൽ മോഹൻ മത്സരത്തിനിറങ്ങും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായതോടെ കോൺഗ്രസിൽ വിമത ശല്യം രൂക്ഷം. വിവിധ ജില്ലകളിൽ നേതൃത്വത്തെ വെല്ലുവിളിച്ച് നേതാക്കൾ മത്സരത്തിനിറങ്ങി. സിപിഐഎം ഉപേക്ഷിച്ചെത്തിയവരെ പിന്തുണയ്ക്കുന്നതിലാണ് എതിർപ്പ് രൂക്ഷമായത്. കണ്ണൂരിലും പട്ടാമ്പിയിലും ഔദ്യോഗിക സ്ഥാനാർഥിക്കെതരെ വിമതർ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ചിറയിൻകീഴിൽ കോൺഗ്രസ് വിമതൻ ബിജെപി സ്ഥാനാർത്ഥിയാകും. അതേസമയം, ജോസഫ് വാഴക്കനും ദീപ്തി മേരിയും അനുനയപ്പെട്ടെങ്കിലും എൽദോസ് കുന്നപ്പിള്ളി പ്രതിഷേധത്തിൽ തുടരുകയാണ്.

സ്ഥാനാർഥി നിർണയത്തിൽ പ്രതീക്ഷകൾ അസ്തമിച്ചതോടെയാണ് യൂത്ത് കോൺഗ്രസും കെപിസിസിയിലെ ഒരുവിഭാഗവും നേതൃത്വത്തിനെതിരെ വിമത ശബ്ദമുയർത്തി രംഗത്തെത്തിയത്. വിമത പ്രതിസന്ധി രൂക്ഷമായ കണ്ണൂരിൽ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്ഥാനാർഥികൾക്കെതിരെ മത്സരിക്കാനാണ് വിമതരുടെ തീരുമാനം. തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ ചോദ്യം ചെയ്ത് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ വിജിൽ മോഹൻ മത്സരത്തിനിറങ്ങും. പയ്യന്നൂരിൽ ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദ് സ്ഥാനാർഥിയാകും. സിപിഐഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് നിലപാടിനെതിരെയാണ് നീക്കം.

തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. യൂത്ത് കോൺഗ്രസിന് പിന്നാലെ കെപിസിസി അംഗം കൊയ്യം ജനാർദ്ദനനും രംഗത്തെത്തിയിട്ടുണ്ട്. തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് ജനാർദ്ദനൻ അറിയിച്ചു. നാളെ പത്രിക സമർപ്പിക്കും. ഏറ്റുമാനൂരിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സ്വതന്ത്രനായി മാത്സരിക്കാൻ തയ്യാറെടുക്കുകയാണ് ജോസഫ് വാഴക്കൻ. പ്രചാരണ സാമഗ്രികൾ ഉൾപ്പെടെ തയ്യാറാക്കിയതിന് ശേഷമാണ് നേതാക്കൾ സീറ്റ് നിഷേധിച്ചത്. ഒരു ലക്ഷം പോസ്റ്ററുകളും 2500 ഓളം ഫ്ലെക്സുകളുമാണ് ജോസഫ് വാഴക്കൻ തയ്യാറാക്കിയത്. തഴയപ്പെട്ടെങ്കിലും താൻ കോൺഗ്രസിനൊപ്പം നിൽക്കുമെന്നും ജോസഫ് വാഴക്കൻ വ്യക്തമാക്കി.

സ്ഥാനാർഥി നിർണയത്തിന് മുന്നേ വിമത സ്വരം ശക്തമായ പാലക്കാട് ജില്ലയിൽ പട്ടാമ്പി സീറ്റിനെ ചൊല്ലിയാണ് തർക്കം, പട്ടാമ്പിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ ടി.പി. ഷാജിക്കെതിരെ ഒരു വിഭാഗം രംഗത്തെത്തി. യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന് കോൺഗ്രസ് വിമതർ വ്യക്തമാക്കി. സാധാരണക്കാരായ പ്രവർത്തകരുടെ വികാരം മാനിക്കാതെയാണ് ടി.പി. ഷാജിയെ സ്ഥാനാര്ഥിയാക്കിയതെന്നാണ് ആക്ഷേപം. റിയാസ് മൂക്കൊലിയ്ക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് മത്സരിക്കാനിറങ്ങുമെന്ന് യൂത്ത് കോൺഗ്രസ് ഓങ്ങല്ലൂർ മണ്ഡലം പ്രസിഡൻറ് ഷാഫി അറിയിച്ചു.

ചിറയിൻകീഴിൽ രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.എസ്. അനൂപ് ബിജെപിയിൽ ചേക്കേറി. അനൂപ് ചിറയിൻകീഴിൽ എൻഡിഎ സ്ഥാനാർത്ഥിയാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചിറയിൻകീഴിൽ യുഡിഎഫ് സ്ഥാനാര്ഥിയായിരുന്നു അനൂപ്. പെരുമ്പാവൂരിൽ ഇടഞ്ഞ് നിൽക്കുന്ന എൽദോസ് കുന്നപ്പിള്ളിയുടെ അടുത്ത നീക്കവും നിർണായകമാകും. അനുനയപെട്ടില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് വിലയിരുത്തൽ. അർഹരായവർക്ക് സീറ്റ് നൽകാത്തതിനെ ചൊല്ലി വിവിധ ജില്ലകളിൽ പ്രതിഷേധവും അമർഷവും തുടരുകയാണ്.

SCROLL FOR NEXT