തിരുവനന്തപുരം: കോർപ്പറേഷനിലെ ബിജെപി വിജയത്തിൽ പ്രതികരണവുമായി ശശി തരൂർ എംപി. ബിജെപി ജയിക്കാൻ കാരണം കോൺഗ്രസിനുള്ളിലെ പോരായ്‌മകൾ തന്നെയാണെന്നാണ് ശശി തരൂരിൻ്റെ ഏറ്റുപറച്ചിൽ. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ നഗരമേഖലയിൽ ബിജെപിക്ക് ഭൂരിപക്ഷമുണ്ടായിരുന്നു. അന്ന് തന്നെ ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നെനും തരൂർ വ്യക്തമാക്കി.
തിരുവനന്തപുരത്തെ ജനങ്ങൾ മാറ്റം ആഗ്രഹിച്ചിരുന്നുവെന്നാണ് ശശി തരൂരിൻ്റെ പ്രസ്താവന. നഗരത്തിലെ ബിജെപി വളർച്ചയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും കോൺഗ്രസ് അവഗണിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തന്നെ പോരായ്മ ചൂണ്ടിക്കാട്ടിയിരുന്നു. പാർട്ടിയുടെ പോരായ്മകളും പറഞ്ഞതാണ്. കോൺഗ്രസ്സിനുള്ളിലെ തർക്കങ്ങളും ബിജെപിക്ക് അനുകൂലമായി. താൻ എല്ലായിടത്തും സജീവമായി പ്രചരണത്തിന് ഇറങ്ങിയിരുന്നെന്നും പറയാനുള്ളത് പാർട്ടിക്കുള്ളിൽ പറയുമെന്നും ശശി തരൂർ പറഞ്ഞു.
അതേസമയം താൻ പാതി ബിജെപിയാണെന്ന ആരോപണം കേൾക്കാൻ തുടങ്ങിയിട്ട് കാലങ്ങളായെന്ന് ശശി തരൂർ പറയുന്നു. രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപേ അഭിപ്രായങ്ങൾ പുസ്തകത്തിൽ എഴുതിയിട്ടുള്ള വ്യക്തിയാണ് താൻ. ആളുകൾ പറയേണ്ടത് പറഞ്ഞോട്ടെ. തൻ്റെ വിശ്വാസത്തെക്കുറിച്ച് എഴുതിയത് വായിക്കാൻ ആർക്കും ക്ഷമയില്ല. വാർത്താ തലക്കെട്ടുകൾ നോക്കിയാണ് എല്ലാവരും അഭിപ്രായങ്ങൾ പറയുന്നത്. എന്താണ് എഴുതിയിരിക്കുന്നത് എന്ന് വായിച്ചാൽ ഈ വിമർശനത്തിന് അടിസ്ഥാനം ഉണ്ടാകില്ലെന്നും ശശി തരൂർ പറഞ്ഞു.