KERALA

23 വർഷമായി എൽഡിഎഫ് ഭരണത്തിന് അവസാനം; മറ്റത്തൂരിൽ ബിജെപി പിന്തുണയിൽ കോൺഗ്രസിന് ജയം

കോൺഗ്രസ് വിമതയായി മത്സരിച്ച ടെസി ജോസ് കല്ലറയ്ക്കൽ പഞ്ചായത്ത് പ്രസിഡൻ്റാകും.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ ബിജെപി പിന്തുണയിൽ കോൺഗ്രസ് വിമതയ്ക്ക് ജയം. കോൺഗ്രസ് വിമതയായി മത്സരിച്ച ടെസി ജോസ് കല്ലറയ്ക്കൽ പഞ്ചായത്ത് പ്രസിഡൻ്റാകും. 23 വർഷമായി എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണിത്. ഇത്തവണ എൽഡിഎഫിന് 10 യുഡിഎഫിന് 10 ( 2 വിമതരുടെ പിന്തുണയോടെ 10 )എൻഡിഎ നാല് എന്നീ സീറ്റുകളിലാണ് വിജയിച്ചത്. എൽഡിഎഫിനും യുഡിഎഫിനും 10 സീറ്റ് എന്ന നിലയിൽ എത്തിയതോടെ ടോസിലേക്കും നറുക്കെടുപ്പിലേക്കും കാര്യങ്ങൾ എത്തുകയായിരുന്നു.

ഇതിനിടയിലാണ് കോൺഗ്രസിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. യുഡിഎഫ് പാർലമെൻ്ററി പാർട്ടി യോഗം ചേർന്ന് വിമതനായി വിജയിച്ച കെ.ആർ. ഔസേപ്പിനെ പാർലമെൻററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ മത്സരം നടക്കാനിരിക്കുന്നതിന് തൊട്ടുമുൻപ് കെ. ആർ. ഔസേപ്പ് എൽഡിഎഫുമായി ധാരണയുണ്ടാക്കി അവർക്കൊപ്പം ചേർന്നു. വിശ്വാസ വഞ്ചന കാണിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ രാജിവച്ചു.

എട്ട് കോൺഗ്രസ് അംഗങ്ങളും സ്വതന്ത്രനായി മാറിയതോടെ നാല് അംഗങ്ങളുള്ള ബിജെപിയും ഇവരെ പിന്തുണച്ചു. ഇവർ 12 പേരുടെയും പിന്തുണയോടെ കോൺഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച രണ്ടാമത്തെ ആളായ ടെസി ജോസിനെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ച് ജയിച്ചു. ഫലത്തിൽ ബിജെപി പിന്തുണയോടെ കോൺഗ്രസ് വിമത പ്രസിഡൻ്റായി. ഇതുവരെ ജില്ലാ സംസ്ഥാന നേതൃത്വങ്ങൾ നിലപാട് പ്രഖ്യാപിക്കുകയോ രാജിവച്ച അംഗങ്ങളെ പുറത്താക്കുകയും ചെയ്തിട്ടില്ല.

SCROLL FOR NEXT