കോൺഗ്രസ് വനിതാ നേതാക്കൾ  Source: Facebook
KERALA

രാഹുൽ രാജിവയ്ക്കണം; നിലപാടിൽ ഉറച്ച് കോൺഗ്രസിലെ വനിതാ നേതാക്കൾ

കേരളത്തിലെ സ്ത്രീ സമൂഹത്തത്തിൻ്റെ മനസാക്ഷിക്കൊപ്പം നിലനിൽക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്നും ഷാനിമോൾ.

Author : ന്യൂസ് ഡെസ്ക്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസിലെ വനിതാ നേതാക്കൾ. രാഹുലിൻ്റെ രാജി ആണ് ഇവർ പ്രധാനമായും ഉന്നയിക്കുന്നത്. സ്ത്രീകൾ ഭയന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കുറിച്ച് സംസാരിക്കുന്നത്.വീടുകളിലിരുന്ന് ചെറിയ കുട്ടികൾ പോലും വാർത്തകൾ ശ്രദ്ധിക്കുന്നു.ഒന്നും പറയാതെ മിണ്ടാതിരിക്കാനാവുന്നില്ല എന്നാണ് കെ.സി. വേണുഗോപാലിൻ്റെ ഭാര്യ ആശ.കെ ഫേസ്ബുക്കിൽ കുറിച്ചത്.

"ഒരു വ്യക്തിയെക്കുറിച്ച് മാധ്യമങ്ങൾ ദിവസവും പുറത്തുവിടുന്ന വാർത്തകൾ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. പെൺകുട്ടികളെ സ്നേഹം നടിച്ച് വലയിൽ വീഴ്ത്താൻ പറ്റുമെന്നും പെട്ടെന്ന് മാഞ്ഞു പോകുന്ന മെസ്സേജുകൾ പെൺകുട്ടികൾക്ക് അയക്കാൻ പറ്റുമെന്നും ഗൂഗിൾ പേയിലും മെസ്സേജുകൾ അയക്കാൻ പറ്റുമെന്നും സ്ക്രീൻ ഷോട്ട് എടുക്കാൻ പറ്റാത്ത വിധത്തിൽ മെസ്സേജുകൾ അയക്കാൻ പറ്റുമെന്നും മറഞ്ഞിരുന്ന് വീഡിയോ കോൾ ചെയ്യാൻ കഴിയുമെന്നൊക്കെ വാർത്തകളിലൂടെയാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതൊക്കെ വീടുകളിലിരുന്ന് ചെറിയ കുട്ടികൾ പോലും ശ്രദ്ധിക്കുകയാണ്. സ്ത്രീകൾ ഭയന്ന് ഇയാളെപ്പറ്റി ചർച്ചചെയ്യുകയാണ്.

പുറത്തുവരുന്ന കാര്യങ്ങളിലൊക്കെ എത്രത്തോളം വാസ്‌തവമുണ്ടെന്നു വരും ദിവസങ്ങളിലെ അറിയാൻ കഴിയൂ. വല്ലാത്ത വിഷമമുണ്ട്. ഒന്നും പറയാതെ മിണ്ടാതിരിക്കാൻ ആവുന്നുമില്ല"; ആശ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ വിഷയം ചർച്ചയായതോടെ എഫ്ബി പോസ്റ്റ് ആശ പിൻവലിച്ചു.

രാഹുൽ രാഷ്ട്രീയ ജീവിതം തന്നെ അവസാനിപ്പിക്കണം എന്നായിരുന്നു ഷാനിമോൾ ഉസ്മാൻ്റെ പ്രതികരണം.തൻ്റെ അഭിപ്രായം കേന്ദ്ര-സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും ഷാനിമോൾ പറഞ്ഞു. നിയമപരമായ കാര്യങ്ങളിലേക്ക് പോകേണ്ട സമയമല്ലിത്. അതിനപ്പുറം ധാർമികമായ കാര്യങ്ങൾക്കാണ് പ്രധാന്യം കൊടുക്കേണ്ടത്. കേരളത്തിലെ സ്ത്രീ സമൂഹത്തത്തിൻ്റെ മനസാക്ഷിക്കൊപ്പം നിലനിൽക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്നും ഷാനിമോൾ ആവശ്യപ്പെട്ടു.

എംഎൽഎ സ്ഥാനം രാജിവെച്ച് രാഹുൽ പുറത്തുപോണമെന്ന് ബിന്ദുകൃഷ്ണയും പറഞ്ഞു. പാർട്ടി ഇത്തരം കാര്യങ്ങളിൽ സ്ത്രീ പക്ഷ തീരുമാനം എടുക്കും. അതേ കേവലം വാക്കുകളില്ലല്ലെന്ന് കൃത്യമായി ബോധ്യം ഉള്ളതുകൊണ്ട് തന്നെ പാർട്ടി കൃത്യമായ തീരുമാനം എടുക്കും. ആ തീരുമാനം സ്ത്രീ സമൂഹത്തിനും പൊതു സമൂഹത്തിനും അനുകൂലമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ സാങ്കേതിക കാരണം പറഞ്ഞ് മാറ്റിനിർത്താവുന്നതല്ല. വളരെ ഗാരവത്തോടെയാണ് കോൺഗ്രസ് പാർട്ടി ഈ വിഷയത്തെ കാണുന്നതെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

നേതാക്കൾ ഒറ്റക്കെട്ടായതിനാൽ രാഹുലിന് ഇനി എംഎൽഎ സ്ഥാനത്ത് തുടരാകാൻ ആകില്ലെന്ന് ദീപ്തി മേരി വർഗീസ്. ആരോപണം വന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചൊഴിഞ്ഞിരുന്നു. ഈ വിഷയത്തിൽ സിപിഐഎമ്മിനും ബിജെപിക്കും എടുക്കാൻ പറ്റാത്ത നിലപാട് കോൺഗ്രസ് സ്വീകരിക്കുമെന്നും ദീപ്തി മേരി വർഗീസ് വ്യക്തമാക്കി.

രാഹുലിനെതിരെ പെണ്‍കുട്ടികള്‍ പരാതിനല്‍കാന്‍ തയാറാകണമെന്ന് ഉമാ തോമസ് എംഎൽഎ പറഞ്ഞു. രാഹുല്‍ ഒരു നിമിഷം പോലും പാര്‍ട്ടിയില്‍ തുടരാന്‍ യോഗ്യനല്ല. പുറത്താക്കാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കണമെന്നും ഉമാ തോമസ് ആവശ്യപ്പെട്ടു. ഇങ്ങനെ ഒരാൾ പാർട്ടിയിൽ വേണ്ടെന്നും സ്ത്രീകളെ സംരക്ഷിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും ഉമാ തോമസ് അറിയിച്ചു.

SCROLL FOR NEXT