KERALA

കൂട്ടിമുട്ടാൻ ഇനി എത്ര നാൾ? ഏഴ് വർഷത്തിനിപ്പുറവും ഇഴഞ്ഞ് നീങ്ങി പെരുമൺ-പേഴും തുരുത്ത് പാലം നിർമാണം

മൺഡ്രോത്തുരുത്ത് - പനയം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കാനാണ് ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് പാലം നിർമ്മാണം ആരംഭിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം: പെരുമൺ-പേഴും തുരുത്ത് പാലത്തിൻ്റെ നിർമാണ പ്രവർത്തനം ഏഴ് വർഷത്തിനിപ്പുറവും ഇഴയുകയാണ്. മൺഡ്രോത്തുരുത്ത് - പനയം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കാനാണ് ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് പാലം നിർമ്മാണം ആരംഭിച്ചത്. എന്നാൽ അഷ്ടമുടിക്കായലിൻ്റെ നടുവിൽ കൂട്ടിമുട്ടാതെ നിൽക്കുകയാണ് ഇന്നും ഈ പാലം.

വിനോദ സഞ്ചാര മേഖലയ്ക്ക് അനന്തമായ സാധ്യതയുള്ള മൺഡ്രോത്തുരുത്ത്, പനയം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പെരുമൺ - പേഴും തുരുത്ത് പാലം.434 മീറ്റർ നീളത്തിലുള്ള പാലം യാഥാർത്യമായാൽ വിശാലമായ കായൽ പരപ്പുള്ള അഷ്ടമുടിയുടെ വിനോദ സഞ്ചാര രംഗത്തിന് വലിയ പുരോഗതിയായിരിക്കും സമ്മാനിക്കുക.

കാലങ്ങളായി യാത്രാക്ലേശത്താൽ ബുദ്ധിമുട്ടുന്ന നാട്ടുകാരുടെ ആവശ്യത്തിനൊടുവിലാണ് 2020ൽ ഒന്നാം പിണറായി സർക്കാർ പാലത്തിൻ്റെ നിർമ്മാണം ആരംഭിച്ചത്. വേഗത്തിൽ പണിതീരുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. ഇരുകരകളിലും നിന്നും തുടങ്ങിയ നിർമ്മാണം രണ്ടാം പിണറായി സർക്കാരിനും കൂട്ടിമുട്ടിക്കാനായില്ല. അഷ്ടമുടിക്കായലിന് മുകളിൽ അതിങ്ങനെ മുഖത്തോട് മുഖം നോക്കി നിൽക്കുകയാണ്. ഇന്നും ജനങ്ങൾ പെരുമൺ റയിൽവെ പാലത്തേയും ജങ്കാർ, ബോട്ട് സർവ്വീസുകളേയും ആശ്രയിച്ചാണ് യാത്ര നടത്തുന്നത്.

ഡിസൈനിൻ്റെ മാറ്റവും, എസ്റ്റിമേറ്റ് തുക നിർണയവും പാലം പണി നീളാൻ കാരണമായി.കി ഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പാലത്തിൻ്റെ നിർമ്മാണ ചുമതല കേരളാ റോഡ് ഫണ്ടിനാണ് .ഒന്നര വർഷത്തിനുള്ളിൽ പണി പൂർത്തീകരിക്കാൻ കഴിയുമെന്ന ഉറപ്പാണ് നിലവിൽ കരാർ കമ്പനി നൽകുന്നത്. പത്ത് വർഷത്തിനിപ്പുറമുള്ള ഈ ഉറപ്പ് ജനങ്ങൾ മുഖവിലയ്ക്കെടുത്തിട്ടില്ല.

SCROLL FOR NEXT