വീരമലക്കുന്നിൽ തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലിൽ പ്രദേശവാസികൾ ആശങ്കയിൽ Source: News Malayalam 24x7
KERALA

തുടർച്ചയായി മണ്ണിടിച്ചിൽ; വീരമലക്കുന്ന് പ്രദേശവാസികൾ ആശങ്കയിൽ

ഇനിയും മഴ തുടർന്നാൽ ഏത് നിമിഷവും കുന്ന് മുഴുവനായി ഇടിയാനും സാധ്യതയുണ്ട്.

Author : ന്യൂസ് ഡെസ്ക്

കാസർകോട്: ചെറുവത്തൂരിലെ വീരമലക്കുന്നിൽ തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലിൽ പ്രദേശവാസികൾ ആശങ്കയിൽ. കഴിഞ്ഞ ദിവസം ദേശീയ പാതയിൽ മണ്ണിടിഞ്ഞ മേഖലയിൽ വ്യാപക വിള്ളലുകളാണ് കണ്ടെത്തിയത്. ഇനിയും മഴ തുടർന്നാൽ ഏത് നിമിഷവും കുന്ന് മുഴുവനായി ഇടിയാനും സാധ്യതയുണ്ട്.

ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് മണ്ണെടുത്തതിനെ തുടർന്ന് വീരമലക്കുന്ന് അപകടാവസ്ഥയിലാണെന്ന് മാസങ്ങൾക്ക് മുൻപ് കണ്ടെത്തിയിരുന്നു. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ പത്തിലേറെ സ്ഥലങ്ങളിൽ വിള്ളൽ കണ്ടെത്തിയിരുന്നു. അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ മണ്ണിടിച്ചല്ലിന് സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിക്കുകയും ചെയ്തു. എന്നാൽ ദേശീയ പാത നിർമാണ കമ്പനിയായ മേഘ നടപടി സ്വീകരിച്ചില്ല.

ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ദേശീയ പാതയിലേക്ക് മണ്ണും കല്ലും ഇടിഞ്ഞു വീണത്. തലനാരിഴയ്ക്കാണ് പടന്നക്കാട് എസ്എൻ കോളജിലെ അധ്യാപികയായ സിന്ധു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. താത്കാലികമായി മേഖലയിലെ ഗതാഗതം നിരോധിച്ചിട്ടുണ്ടെങ്കിലും ശേഷിക്കുന്ന ഭാഗം ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്. ആൾ താമസമുള്ള വീടുൾപ്പെടെ കുന്നിന് മുകളിലുണ്ട്. ആഴത്തിലുള്ള എട്ട് വിള്ളലുകൾ ദേശീയപാതയുടെ ഭാഗത്താണ്. തുടർച്ചയായി വീണ്ടും മഴയുണ്ടായാൽ കുന്നിൽ നിന്നും വെള്ളം റോഡിലേക്കെത്തുകയും മണ്ണൊലിപ്പ് ഉണ്ടാവുകയും ചെയ്തേക്കും. ഇതോടെ ദേശീയപാതയുടെ ഒരു ഭാഗവും തകരും. നിർമാണ കമ്പനി അനധികൃതമായി മണ്ണെടുത്തതാണ് വീരമലക്കുന്നിനെ ദുരന്തമുഖത്തേക്ക് തള്ളിവിട്ടത്.

SCROLL FOR NEXT