KERALA

ഇഎസ്ഐയുടെ പേരിൽ വ്യാജ രേഖയുണ്ടാക്കി; കെഎംഎംഎല്ലിലെ താൽക്കാലിക ജീവനക്കാരനെ കബളിപ്പിച്ച് കരാർ കമ്പനി

ആശുപത്രിയിലെത്തി ചികിത്സ ലഭിക്കാതെ വന്നതോടെയാണ് ബിലാൽ പരാതി നൽകിയത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ഇഎസ്ഐയുടെ പേരിൽ വ്യാജ രേഖയുണ്ടാക്കി തട്ടിപ്പ്. കെഎംഎംഎല്ലിലെ താൽക്കാലിക ജീവനക്കാരനാണ് തട്ടിപ്പിനിരയായത്. ഇഎസ്ഐ അടച്ചതായുള്ള വ്യാജരേഖ നിർമിച്ച് അമൃത ബിൽഡേഴ്സ് എന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. കെഎംഎംഎല്ലിലെ കരാർ കമ്പനിയാണ് അമൃത ബിൽഡേഴ്സ്. താൽക്കാലിക ജീവനക്കാരൻ മുഹമ്മദ് ബിലാലാണ് കബളിപ്പിക്കപ്പെട്ടത്. ആശുപത്രിയിലെത്തി ചികിത്സ ലഭിക്കാതെ വന്നതോടെയാണ് ബിലാൽ പരാതി നൽകിയത്.

2020 മുതൽ കെഎംഎംഎലിൽ കരാർ ഏറ്റെടുത്ത് തൊഴിലാളികളെ നൽകുന്ന കമ്പനിയാണ് അമൃതാ ബിൽഡേഴ്സ്. . തൊഴിൽ ലഭിക്കുന്നവർക്ക് ഇഎസ്ഐ നൽകണമെന്നാണ് കരാർ. ഇത് പ്രകാരം തൊഴിലാളിയായ മുഹമ്മദ് ബിലാലിന് ഇഎസ്ഐ സൗകര്യം ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്ത് വരുന്നത്. അമ്മയുടെ ചികിത്സക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് കരാർ കമ്പനി നൽകിയിരിക്കുന്ന ഇഎസ്ഐ നമ്പർ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ഇഎസ്ഐ യും കെഎംഎംഎലും നടത്തിയ അന്വേഷണത്തിൽ അമൃതാ ബിൽഡേഴ്സ് ചമച്ചത് വ്യാജരേഖയാണെന്ന് തിരിച്ചറിഞ്ഞു.

കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താനും കെഎംഎംഎൽ തീരുമാനിച്ചു. അതേ സമയം തട്ടിപ്പിനെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ കെഎംഎംഎൽ തന്നെ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ച് തുടർ നടപടികൾ നൽകുമെന്ന് രേഖാ മൂലം ഉറപ്പ് നൽകിയിട്ടുണ്ട്. തട്ടിപ്പിൻ്റെ വ്യാപ്തി വലുതാണെന്നും ഇതുമായി ബന്ധപ്പെട്ടുള്ള നിയമ പോരാട്ടം തുടരുമെന്നും പരാതിക്കാരനായ മുഹമ്മദ് ബിലാൽ ന്യൂസ് മലയാളത്തോട് പറഞ്ഞു.

SCROLL FOR NEXT