KERALA

ആലപ്പുഴ 'രക്ഷാപ്രവർത്തന' കേസ്: പ്രതികളായ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും എസ്ഐടിക്ക് മുന്നിൽ ഹാജരായി, ചോദ്യം ചെയ്യൽ നാളെയും തുടരും

അറസ്റ്റ്‌ രേഖപ്പെടുത്തുകയാണെങ്കിൽ ഒരു ലക്ഷം രൂപ ബോണ്ടിലും , രണ്ട് ആൾജാമ്യത്തിലും പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം നൽകണം എന്നാണ് കോടതിയുടെ ഉത്തരവ്.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും യൂത്ത് കോൺഗ്രസ്‌, കെഎസ്‌യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പ്രതികൾ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. എസ്ഐടി തലവൻ എ.പി.ഷൗക്കത് അലിയുടെ നേതൃത്വത്തിൽ ആറ് മണിക്കൂറിലേറെ പ്രതികളെ ചോദ്യം ചെയ്തെങ്കിലും ഇന്ന് ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയില്ല. ചോദ്യം ചെയ്യൽ നാളെയും തുടരും.

കേസിലെ പ്രതികളായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻ അനിൽകുമാർ, സുരക്ഷ ഉദ്യോഗസ്ഥൻ സന്ദീപ്, പൊലീസ് ഉദ്യോഗസ്ഥരായ അരുൺ, വിപിൻ, ഷൈജു എന്നിവർ മുൻകൂർ ജാമ്യ വ്യവസ്ഥ പ്രകാരം ഇന്ന് എസ്ഐടിക്ക് മുന്നിൽ ഹാജരാവുകയായിരുന്നു. ഓരോരുത്തരെയും ഒറ്റയ്ക്കിരുത്തി എസ്ഐടി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനായി പ്രത്യേക ചോദ്യാവലി നേരത്തേ തന്നെ എസ് ഐ ടി തയ്യാറാക്കിയിരുന്നു. ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയെന്നും ചോദ്യം ചെയ്യലിനെപ്പറ്റി കൂടുതലൊന്നും പറയാനില്ലെന്നും ഗൺമാൻ അനിൽ കുമാർ പറഞ്ഞു.

മർദ്ദനത്തിന് ഉപയോഗിച്ചത് ഔദ്യോഗിക ലാത്തി അല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യവും അന്വേഷണ സംഘം പ്രതികളോട് ചോദിച്ചു. ഡിപ്പാർട്ട്മെൻ്റ് നൽകുന്ന ലാത്തി തന്നെയാണ് ഉപയോഗിച്ചത് എന്ന് പ്രതികൾ മറുപടി നൽകി. ഇന്ന് ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയില്ല. ചോദ്യം ചെയ്യൽ നാളെയും തുടരും. പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് കോടതി അന്വേഷണസംഘത്തിന് അനുമതി നൽകിയത്. അറസ്റ്റ്‌ രേഖപ്പെടുത്തുകയാണെങ്കിൽ ഒരു ലക്ഷം രൂപ ബോണ്ടിലും , രണ്ട് ആൾജാമ്യത്തിലും പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം നൽകണം എന്നാണ് കോടതിയുടെ ഉത്തരവ്.

കേസിൽ തത്കാലം ഹൈകോടതിയെ സമീപിക്കേണ്ടതില്ല എന്നാണ് പ്രോസിക്യുഷന്റെ നിലപാട്. പ്രോസിക്യൂഷന് ലഭിച്ച നിയമോപദേശത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ തീരുമാനം. കേസിനെ നേരിടാൻ രണ്ട് വഴികളാണ് പരാതിക്കാരുടെയും പ്രോസിക്യൂഷൻ്റെയും മുന്നിലുള്ളത്. ജാമ്യം റദ്ദ് ചെയ്യാൻ അപേക്ഷ നൽകുകയോ, മേൽ കോടതിയെ സമീപിക്കുകയോ ചെയ്യാം. എന്നാൽ പ്രതികൾ മുൻ‌കൂർ ജാമ്യ വ്യവസ്ഥ ലംഘിക്കുകയൊപ്രതികൾ അന്വേഷണവുമായി സഹകരിക്കാതിരിക്കുകയോ ചെയ്താൽ മാത്രം തുടർ നടപടിയുമായി മുന്നോട്ട് പോകാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.

SCROLL FOR NEXT