വീടിനോട് ചേർന്ന് ടാർപോളീൻ വലിച്ചു കെട്ടി താമസിക്കുന്ന കുടുംബം Source: News Malayalam 24X7
KERALA

തിരുവല്ലയില്‍ രണ്ട് കുട്ടികള്‍ അടങ്ങുന്ന കുടുംബത്തെ വഴിയാധാരമാക്കി സഹകരണ ബാങ്കിന്റെ ജപ്തി; കുടുംബം കഴിയുന്നത് ടാര്‍പോളീന്‍ ഷീറ്റ് വലിച്ചു കെട്ടി

5 സെന്റില്‍ താഴെ ഭൂമി ഉള്ളവരുടെ ബാധ്യതയില്‍ ജപ്തിയുണ്ടാകരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്നാണ് അനിയന്‍കുഞ്ഞിന്റെ കുടുംബത്തിന് എതിരായ ബാങ്ക് നടപടി.

Author : ന്യൂസ് ഡെസ്ക്

തിരുവല്ല ചാത്തങ്കരിയില്‍ രണ്ടു കുട്ടികള്‍ അടങ്ങുന്ന കുടുംബത്തെ വഴിയാധാരമാക്കി സഹകരണ ബാങ്കിന്റെ ജപ്തി നടപടി. 5 സെന്റില്‍ താഴെ ഭൂമി ഉള്ളവരുടെ ബാധ്യതയില്‍ ജപ്തിയുണ്ടാകരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്നാണ് നാലര സെന്റ് ഭൂമി മാത്രമുള്ള ചാത്തങ്കരി സ്വദേശി അനിയന്‍കുഞ്ഞിന്റെ കുടുംബത്തിന് എതിരായ ബാങ്ക് നടപടി. നിലവില്‍ വീടിനോട് ചേര്‍ന്ന് ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടിയാണ് ഈ കുടുംബവും താമസിക്കുന്നത്.

തിരുവല്ല സ്വദേശി അനിയന്‍കുഞ്ഞിന്റെ ജീവിതം ഈ ടാര്‍പോളിന്‍ ഷീറ്റിനുള്ളിലാക്കിയത് കേരളം കണ്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണ്. കൃത്യമായി പറഞ്ഞാല്‍ 2018 ലെ പ്രളയം. പത്തനംതിട്ടയിലെ ദുരിത പെയ്തും, വെള്ളപ്പൊക്കവും തോര്‍ന്നപ്പോള്‍ വീടെന്ന സുരക്ഷിതത്വം നഷ്ടമായി. രണ്ടു മക്കളുള്ള തന്റെ കുടുംബത്തിന് അടച്ചുറപ്പുള്ള വീട് പണിയാന്‍ സഹകരണ ബാങ്കില്‍ നിന്നും ലോണെടുത്തു. അടവ് മുടങ്ങിയതോടെ ബാങ്ക് വീട് ജപ്തിചെയ്തു. കുടുംബം വഴിയാധാരമായി.

മെയ് മാസം 22 നാണ് സിപിഐഎം നിയന്ത്രണത്തിലുള്ള തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്ക് നടപടി സ്വീകരിച്ചത്. 5 സെന്റില്‍ താഴെ വസ്തു ഉള്ളവരുടെ ബാധ്യതയില്‍ ജപ്തിയുണ്ടാകരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് നാലര സെന്റ് ഭൂമിയില്‍ സഹകരണ ബാങ്ക് നടപടി എടുത്തത്. വീട് അടച്ചുപൂട്ടി സീല്‍ ചെയ്തതോടെ കുടുംബത്തിന് അന്തിയുറങ്ങാന്‍ വഴിയില്ലാതെയായി. മറ്റു വഴികള്‍ ഇല്ലാതെ വന്നതോടെ വീടിനോട് ചേര്‍ന്ന് ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടി അവിടെ അന്തിയുറങ്ങി.

2018ലെ പ്രളയത്തില്‍ തകര്‍ന്ന വീടിനു പകരം പുതിയ വീട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ രണ്ടരലക്ഷം മതിയാകുമായിരുന്നില്ല. വീട് നിര്‍മാണം പുരോഗമിക്കവേ സാമ്പത്തിക പ്രതിസന്ധി. പണം കണ്ടെത്താന്‍ അനിയന്‍കുഞ്ഞിന്റെ ഭാര്യ ഷീബയുടെ സ്വര്‍ണം പണയപ്പെടുത്തി. പക്ഷെ വീട് പൂര്‍ത്തിയായില്ല തുടര്‍ന്നാണ് നാലര സെന്റ് വസ്തുവിന്റെ ഈടിന്മേല്‍ 2020ല്‍ 3 ലക്ഷം രൂപ വായ്പയെടുത്തത്. എന്നാല്‍ വീടുപണിക്കിടെ രണ്ടാമത്തെ മകളെ അസുഖബാധിതയായി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ വീടുപണിയും വായ്പ തിരിച്ചടവും പ്രതിസന്ധിയിലായി.

ആറുമാസം മുന്‍പ് സഹകരണ സംഘത്തില്‍ നിന്നും ജപ്തി നോട്ടീസ് വന്നിരുന്നു. ചിട്ടി പിടിച്ചു കിട്ടിയ 65,000 രൂപ ഇതിലേക്ക് അടയ്ക്കുകയും ചെയ്തു. മൂന്നു ലക്ഷത്തി ഇരുപത്തി മൂവായിരം രൂപ ബാധ്യത ഉള്ളതിലേക്ക് പിന്നീട് ഒരു തുകയും അടയ്ക്കാന്‍ കഴിഞ്ഞില്ല. ഒറ്റത്തവണയായി തിരിച്ചടച്ചാല്‍ 2,67000 രൂപയ്ക്ക് ബാധ്യത തീരും എന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. പക്ഷെ കൂലിപ്പണിയെടുത്ത് കിട്ടുന്ന വരുമാനത്തില്‍ അതിന് നിവര്‍ത്തിയില്ല.

പ്രതീക്ഷയുടെ വെള്ളിവെളിച്ചങ്ങളെല്ലാം അവസാനിച്ച കുടുംബത്തിന് ഇനിയെന്ത് എന്ന ചോദ്യത്തിന് മറുപടിയില്ല. ചേര്‍ത്തുപിടിക്കാന്‍ ഏതെങ്കിലും കരങ്ങള്‍ ഉണ്ടാകുമോയെന്നും അറിയില്ല. പക്ഷെ തോല്‍ക്കാന്‍ മനസ്സില്ലാത്ത ജീവിതസമരം തുടരാനാണ് അനിയന്‍കുഞ്ഞിന്റെയും, കുടുംബത്തിന്റെയും തീരുമാനം.

SCROLL FOR NEXT