തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ മുഖ്യപ്രതി വിഷ്ണുവിനെ പിടികൂടി പൊലീസ്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പ്രതിയെ നെയ്യാറ്റിൻകരയിൽ നിന്ന് പിടികൂടിയത്. ഈ മാസം നാലിനാണ് ഥാർ ജീപ്പിടിച്ച് ദമ്പതികളായ രജിത്തും അംബികയും മരിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ആദർശിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപകടം നടന്ന ദിവസം നാട്ടുകാർ വിഷ്ണുവിനെ പിടികൂടി പൊലീസിന് നൽകിയിരുന്നു. എന്നാൽ പൊലീസ് ഇയാളെ വിട്ടയക്കുകയും പ്രതി ഒളിവിൽ പോകുകയുമായിരുന്നു. പിന്നാലെ അന്വേഷണ വീഴ്ചയിൽ കിളിമാനൂർ സ്റ്റേഷൻ എസ്എച്ച്ഒ അടക്കം മൂന്ന് പേരെ സസ്പെൻഡ് ചെയ്തു. പ്രതികളെ രക്ഷിക്കാൻ ബോധപൂർവം ശ്രമം നടന്നെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു നടപടി. സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിൽ അടക്കം ഗുരുതര അനാസ്ഥയെന്നും കണ്ടെത്തി. വകുപ്പുതല അന്വേഷണത്തിനും നിർദേശം നൽകി.
കഴിഞ്ഞ മാസം സംസ്ഥാന പാതയിൽ പാപ്പാലയിലായിലുണ്ടായ അപകടത്തിലാണ് കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതേവഗത്തിൽ വന്ന ഥാർ ജീപ്പിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അംബിക ഏഴാം തീയതി മരിച്ചു. കഴിഞ്ഞ ദിവസം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വെച്ച് രജിത്തും മരിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് അടക്കം നടത്തിയിരുന്നു.