അടിമാലി താലൂക്ക് ആശുപത്രി Source: News Malayalam 24x7
KERALA

ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ഗർഭസ്ഥ ശിശു മരിച്ചതായി പരാതി; അടിമാലി താലൂക്ക് ഹോസ്പിറ്റലിനെതിരെ ദമ്പതികള്‍

കുഞ്ഞിന്റെ ഹൃദയമിടിപ്പിൽ പ്രശ്നമുണ്ടായിരുന്നെന്ന് നേരത്തെ തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു

Author : ന്യൂസ് ഡെസ്ക്

ഇടുക്കി അടിമാലിയില്‍ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ഗർഭസ്ഥശിശു മരിച്ചതായി പരാതി. മാങ്കുളം കുറത്തിക്കുടി സ്വദേശികളായ ആശ -ഷിബു ദമ്പതിമാരുടെ കുഞ്ഞാണ് പ്രസവത്തോടെ മരിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു എന്നാണ് ആരോപണം.

കുഞ്ഞിന്റെ ഹൃദയമിടിപ്പിൽ പ്രശ്നമുണ്ടായിരുന്നെന്ന് നേരത്തെ തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നതായാണ് ആശുപത്രി അധികൃതർ പറയുന്നത്. കഴിഞ്ഞമാസം 14നാണ് ഗർഭിണിയായ ആശ ചികിത്സ തേടി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിയത്. പരിശോധനകൾ നടത്തിയ ശേഷം ജൂണ്‍ 19ന് അഡ്മിറ്റ് ആവാനായിരുന്നു നിർദേശം. എന്നാൽ അസ്വസ്ഥത അനുഭവപ്പെട്ടതോടെ 15ന് വീണ്ടും അടിമാലി ആശുപത്രിയിൽ എത്തുകയായിരുന്നു.

ഗർഭിണിയായ യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പിന്നീട് ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തങ്ങളുടെ ഭാഗത്തു നിന്നും ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് അടിമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കുഞ്ഞിന്റെ ഹൃദയമിടിപ്പിൽ പ്രശ്നമുണ്ടായിരുന്നെന്ന് നേരത്തെ തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നു. ഞായറാഴ്ച ആശുപത്രിയിൽ അനസ്തേഷ്യ നൽകാൻ ആളില്ലാത്തതിനാൽ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു എന്നും ആശുപത്രി സൂപ്രണ്ട് കൂട്ടിച്ചേർത്തു.

SCROLL FOR NEXT