
ആരോഗ്യ മന്ത്രി വീണാ ജോർജിന് എതിരെ വലിയ പ്രചാരവേല നടക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാർക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേലയാണ് നടത്തുന്നത്. യുഡിഎഫും ചില മാധ്യമങ്ങളും ചേർന്ന് ജനകീയ ആരോഗ്യ മേഖലയെ കടന്നാക്രമിക്കുന്നുവെന്നും സ്വകാര്യ കച്ചവടക്കാർക്ക് സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
കോട്ടയം മെഡിക്കൽ കോളേജിലെ ശുചിമുറി കോംപ്ലക്സ് തകർന്നതും കൂട്ടിരിപ്പുകാരി മരിച്ചതും ദൗർഭാഗ്യകരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. രക്ഷാപ്രവർത്തനം നിർത്തിവെച്ചു എന്നൊരു സംഭവം കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നിട്ടില്ല. കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് എതിരെ നടക്കുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ സ്ഥാപിത താൽപ്പര്യമാണെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു.
മെഡിക്കല്‍ കോളേജിലെ രക്ഷാപ്രവർത്തനം ഒരു ഘട്ടത്തിലും നിർത്തിയില്ലെന്നും വൈകിയില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. കുടുങ്ങിപ്പോയ ആളുകളെ കണ്ടെത്താൻ എടുത്തത് സ്വാഭാവിക കാലതാമസം. സ്ത്രീയുടെ ഭർത്താവ് തന്നെ ഇക്കാര്യം മാധ്യമങ്ങളോട് പറഞിരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് പോലും ഇല്ലാത്ത ആരോപണമാണ് പ്രതിഷേധക്കാർക്ക്. ജനങ്ങൾക്കിടയിൽ കാലുഷ്യമുണ്ടാക്കാൻ പ്രതിപക്ഷ നേതാവ് അടക്കം ശ്രമിക്കുന്നു. ആദ്യം കിട്ടിയ വിവരമാണ് മന്ത്രിമാർ ആദ്യം പറഞ്ഞത്. ദുരിതാശ്വാസ രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ തന്നെ ആയിരുന്നു പ്രതികരണം. ഉപകരങ്ങളെത്തിക്കാൻ എടുത്ത കാലതാമസത്തെ വരെ പർവതീകരിച്ചുവെന്നും എം.വി. ഗോവിന്ദന്‍ വിമർശിച്ചു.
പ്രതിപക്ഷവും മാധ്യമങ്ങളും വസ്തുത വസ്തുതയായി പറയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബത്തിന് വേണ്ടതെല്ലാം സർക്കാർ ചെയ്യണം. കഴിഞ്ഞ മാസം ചേർന്ന മന്ത്രിതല യോഗം കെട്ടിടത്തിന്റെ ബലക്ഷയം ചർച്ച ചെയ്തിരുന്നു. പുതിയ കെട്ടിടത്തിലേക്ക് മാറാനും തീരുമാനിച്ചിരുന്നതാണ്. 564 കോടി മുടക്കിയ പുതിയ ബ്ലോക്കിലേക്ക് രോഗികളെ മാറ്റുന്നതിനിടെയാണ് അപകടം. അപകടം നടന്ന ഉടനെ രക്ഷാപ്രവർത്തനം നടത്തിയെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങൾക്കെതിരെ വലിയ പ്രചാരവേലകൾ പ്രതിപക്ഷം നടത്തുന്നുവെന്ന് എം.വി. ഗോവിന്ദന്‍ ആരോപിച്ചു. മെഡിക്കൽ കോളേജ് ആശുപത്രികളിൽ വലിയ വികസന പ്രവർത്തനങ്ങൾ ഈ സർക്കാർ നടത്തി. ആരോഗ്യമേഖലയിൽ ചെലവഴിച്ച തുകയിൽ വരെ ഉണ്ട് വലിയ അന്തരം. ആർദ്രം പദ്ധതിയുടെ ഭാഗമായി പൊതുജനാരോഗ്യ മേഖലയിൽ വലിയ സൗകര്യങ്ങൾ ഉണ്ടായി. വലിയ തോതിൽ സ്വകാര്യ ആശുപത്രികൾ കോർപ്പറേറ്റുകൾ വാങ്ങിക്കൂട്ടുന്ന പ്രവണത ഇപ്പോഴുണ്ട്. സ്വകാര്യ മേഖലയ്ക്ക് വേണ്ടിയുള്ള പ്രചാരവേല വലിയ ജനദ്രോഹ നിലപാടാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ആരോഗ്യ മേഖലയിൽ രണ്ടാം പിണറായി സർക്കാർ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് എം.വി. ഗോവിന്ദന്‍ അറിയിച്ചു. എൽഡിഎഫ് സർക്കാരിന്റെ ജനക്ഷമ പ്രവർത്തനത്തിന് ജനം നൽകുന്നത് വലിയ അംഗീകാരമാണ്. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ദിനം മുതൽ വികസനത്തിന് തടയിടാൻ പ്രതിപക്ഷം ശ്രമിച്ചു. കേന്ദ്ര വിഹിതത്തിലെ കുറവിൽ വരെ സന്തോഷിച്ചു. ഗവർണറെ ഉപയോഗിച്ച് വികസന പാത തടയാൻ ശ്രമിച്ചപ്പോഴും പ്രതിപക്ഷം കൂട്ടുനിന്നുവെന്നും ഗോവിന്ദന്‍ ആരോപിച്ചു.
വയനാട് ദുരന്തമുണ്ടായിട്ടും ഒരു പൈസയും ദുരിതാശ്വാസത്തിന് തരില്ലെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ആവർത്തിച്ചു. കേരളത്തോട് എന്നും കേന്ദ്ര സമീപനം അവഗണനയുടേതാണ്. എല്ലാ പ്രതിസന്ധികളേയും സർക്കാർ അധിക വിഭവ സമാഹരണത്തിലുടെ അതിജീവിച്ചു. കേരളത്തിൽ വികസനം വഴിമുട്ടിയില്ല. കനഗോലു സിദ്ധാന്തത്തിന്റെ ഭാഗമായി, മികച്ച നേട്ടമുണ്ടാക്കിയ മേഖലകളെ എല്ലാം കോൺഗ്രസ് കടന്നാക്രമിക്കുന്നു. വിവിധ തരം അപവാദ പ്രചാരണങ്ങൾ നടക്കുന്നുവെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.