കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകയ്ക്ക് വിചാരണ കോടതിയുടെ രൂക്ഷവിമർശനം. അതിജീവിത നൽകിയ ഹർജി പരിഗണിക്കുമ്പോഴും കോടതിയിൽ ഹാജരാകാത്തതിനാണ് വിമർശനം. കോടതിയിൽ വന്നാൽ ഉറങ്ങുന്ന അഡ്വക്കേറ്റ് ടി.ബി. മിനി, ഇവിടം ഒരു വിശ്രമ സ്ഥലമായാണ് കാണുന്നതെന്നും കോടതി വിമർശിച്ചു. അഭിഭാഷക കേസിൽ ഹാജരായി തുടങ്ങിയത് 2023ന് ശേഷമാണ്. പിന്നെ എങ്ങനെ അതിന് മുമ്പുള്ള കാര്യങ്ങൾ അറിയാൻ കഴിയും എന്നും കോടതി ചോദിച്ചു.
ദിലീപടക്കം നൽകിയ കോടതിയലക്ഷ്യ ഹർജി പരിണിക്കവേയാണ് വിമർശനം. ടി.ബി. മിനി ഇന്ന് കോടതിയിൽ എത്തിയിരുന്നില്ല. അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഇല്ലേ എന്ന് ചോദിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിമർശനം. വിചാരണ കാലയളവിൽ പത്തുദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അപ്പോഴും അരമണിക്കൂറിൽ താഴെ മാത്രമേ കോടതിയിലുണ്ടാകാറുള്ളൂ. പല സമയവും ഉറങ്ങുകയായിരുന്നു പതിവ്. അതൊരു വിശ്രമസ്ഥലമായാണ് അഭിഭാഷക കണ്ടിരുന്നതെന്നും കോടതി വിമർശിച്ചു.