തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ ലൈംഗിക അധിക്ഷേപ പരാതിയില്‍ സംശയം പ്രകടിപ്പിച്ച് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി. പരാതി ഉന്നയിക്കുന്നതിലും കേസ് എടുക്കുന്നതിലും കാലതാമസം നേരിട്ടു. അതിജീവിത ആദ്യ പരാതി എന്ത് കൊണ്ട് പൊലീസിന് നൽകിയില്ലെന്നും കോടതി. കോടതി ഉത്തരവിന്റെ പകര്‍പ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
ഗൗരവമായ കുറ്റകൃത്യ ആരോപണമാണ് രാഹുലിനെതിരെ എന്ന് കോടതി ഉത്തരവിൽ പറയുന്നു. പരാതി ഉന്നയിക്കുന്നതിലും കേസ് എടുക്കുന്നതിലും താമസം നേരിട്ടു. പരാതി നല്‍കാന്‍ താമസിച്ചതിന് പല കാരണങ്ങളാണ് പരാതിക്കാരി മൊഴിയില്‍ ഉന്നയിക്കുന്നത്. ആദ്യ പരാതി പൊലീസിനല്ല, കെപിസിസി പ്രസിഡന്റിനാണ് നല്‍കിയതെന്നും കോടതി ഉത്തരവിൽ പറയുന്നു.
രണ്ടാം ബലാത്സംഗക്കേസിലാണ് രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളത്.
അതേസമയം, രാഹുൽ നാളെ വോട്ട് ചെയ്യാൻ എത്തുമെന്ന് തരത്തിലുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിലാണ് രാഹുലിന് വോട്ട്.