എറണാകുളം: യൂട്യൂബ് ചാനലിൽ നിന്ന് സ്ത്രീ വിരുദ്ധ വീഡിയോ നീക്കാൻ വിവാദ യൂട്യൂബർ ഷാജൻ സ്കറിയയ്ക്ക് കോടതി നിർദേശം. ഏഴ് ദിവസത്തിനകം നീക്കം ചെയ്യണമെന്നാണ് ഷാജൻ സ്‌കറിയയ്ക്ക് കോടതിയുടെ കർശന നിർദേശം. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. യൂട്യൂബ് ചാനലിൽ തുടർന്നും സ്ത്രീ വിരുദ്ധ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതും കോടതി വിലക്കി. ഇയാൾ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന കണ്ടെത്തലിൽ ഈ മാസം 12ന് കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.
ഷാജൻ സ്കറിയ യൂട്യൂബ് ചാനലിൽ സ്ത്രീവിരുദ്ധ വീഡിയോ പങ്കുവച്ചുവെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും കാണിച്ച് യുവതി നൽകിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി. പരാതിയിൽ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതിയുടെ ഉത്തരവിലാണ് കർശന നിർദേശം.
ഷാജൻ സ്‌കറിയക്കെതിരെ സമാന സ്വഭാവമുള്ള മറ്റൊരു കേസും യുവതി തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസിൽ നൽകിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കും വിധം വീഡിയോ യൂട്യൂബിൽ പങ്കുവച്ചുവെന്ന കേസിൽ ഷാജൻ സ്‌കറിയ മുൻകൂർ ജാമ്യം നേടിയിരുന്നു. എന്നാൽ ജാമ്യവ്യവസ്ഥ ലംഘിച്ച് ഇയാൾ വീണ്ടും സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്ന വീഡിയോ യൂട്യൂബിൽ പങ്കുവച്ചുവെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി. വ്യവസ്ഥ ലംഘിച്ച ഇയാളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു.