തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ചുമതലയിൽ ബാധ്യത വരില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ചരിത്ര തീരുമാനമാണ്. യാത്ര ചെയ്യാൻ പ്രത്യേക കാർഡുകളോ സർട്ടിഫിക്കറ്റുകളോ വേണ്ട. എല്ലാ വനിതകൾക്കും സൗജന്യ യാത്ര ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
3125 ഓർഡിനറി ബസുകൾ സർക്കാരിൻ്റെ കൈവശമുണ്ട്. ജൂൺ 15 രാവിലെ 8.30ന് തമ്പാനൂർ ബസ്റ്റാൻഡിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ യാത്ര ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന ബസിൻ്റെ ഡ്രൈവറും കണ്ടക്ടറും സ്ത്രീകൾ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം രണ്ട് കോടി രൂപ ഒരു ദിവസം ചെലവ് വരും. ടിക്കറ്റുകൾ കൊടുത്തതിന് ശേഷമേ ബാധ്യതയുടെ കണക്ക് മനസിലാക്കാൻ കഴിയൂ. കെഎസ്ആർടിസിയ്ക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ ശ്രമിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
ബസ് സ്പോൺസർ ചെയ്യാൻ അടക്കം ആളുകൾ രംഗത്ത് വന്നിട്ടുണ്ട്. ഗ്രാമവണ്ടി എന്ന സങ്കല്പം കുറച്ച് കൂടി വിപുലിക്കരിക്കും. 58 വണ്ടികളാണ് പ്രവർത്തിക്കുന്നത്. 500 ബസുകൾ കാലതാമസം ഇല്ലാതെ ഓടിക്കാൻ കഴിയുമെന്നാണ് വിശ്വാസം. സമ്പത് വ്യവസ്ഥയ്ക്ക് ഈ പദ്ധതി ഗുണകരമായി തീരുമെന്നും സി.പി. ജോൺ പറഞ്ഞു.
സ്ത്രീകളുടെ കൈയിലുള്ള വരുമാനം മറ്റു മേഖലകളിലേക്ക് ലഭിക്കും. നിലവിൽ പദ്ധതി ഓർഡിനറിയിലാണ്. ഗ്രാമം വണ്ടികളിലെ ഓർഡിനറി ബസുകളിലും യാത്ര സൗജന്യമായിരിക്കും. 687 ഓർഡിനറി ബസുകൾ തിരുവനന്തപുരത്തുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡീസൽ അടിക്കും വണ്ടി പോകുമെന്ന് മന്ത്രി സി.പി ജോൺ പറഞ്ഞു. സ്വകാര്യ ബസ് മേഖലയിലുള്ളവരെ പിന്തുണയ്ക്കും. പ്രൈവറ്റ് ബസുകളോട് ഒരു ശത്രുതയില്ല. നിക്ഷേപകൻ എന്ന സമീപനമാണ് അവരോട് ഉള്ളതെന്നും സി.പി. ജോൺ പറഞ്ഞു. അവരെ നശിപ്പിക്കുക എന്ന ലക്ഷ്യം കെഎസ്ആർടിസിക്കോ സർക്കാറിനോ ഇല്ല. അത് തിരിച്ചും പാടില്ലെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേർത്തു.