തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ശബരിമല സ്വർണക്കൊള്ളയും ഭരണവിരുദ്ധവികാരവും എന്ന് സിപിഐ. പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിയായി. സിപിഐ എക്സിക്യൂട്ടീവിലാണ് തെരഞ്ഞെടുപ്പ് തോൽവിയിലെ സിപിഐഎമ്മിന്റെ ന്യായങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉയർന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സിപിഎം വസ്തുതകൾ മറച്ച് വെക്കുന്നുവെന്നും സിപിഐയുടെ വിമർശനം.
പത്മകുമാറിനെതിരെ നടപടിയെടുക്കാതെ സിപിഐഎം സംരക്ഷിച്ചത് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയിട്ട് പോലും കോൺഗ്രസ് നടപടിയെടുത്തുവെന്നും സിപിഎം ന്യായീകരണങ്ങൾ നിരത്തി പത്മകുമാറിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും സിപിഐ എക്സിക്യൂട്ടീവിൽ വിമർശനം.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചെന്നായിരുന്നു ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. അപ്രതീക്ഷിത പരാജയവും പരിഹാര നടപടികളുമാണ് നേതൃയോഗം ചർച്ച ചെയ്തത്. ജയിക്കുമെന്ന അമിത ആത്മവിശ്വാസം ഇടതുപക്ഷത്തിന് ഉണ്ടായി. നഗര മേഖലകളിലെ സംഘടന ദൗർബല്യവും തിരിച്ചടിക്ക് കാരണമായി. ശബരിമല വിഷയത്തിൽ എൽഡിഎഫിനെതിരെ യുഡിഎഫും ബിജെപിയും ശക്തമായ പ്രചാരണ വേല നടത്തിയെന്നും എന്നാൽ പ്രതിപക്ഷ പ്രചാരണം വിജയിച്ചില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റം സൃഷ്ടിക്കാൻ കഴിയണമെന്നാണ് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.