തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ കേരളം ചേരുന്നതിൽ സിപിഐഎമ്മിനെ വിയോജിപ്പ് അറിയിച്ച് സിപിഐ. സിപിഐയുടെ നിലപാട് സിപിഐഎമ്മിനെ അറിയിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനുമായി ആശയവിനിമയം നടത്തിയെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
സിപിഐ സംസ്ഥാന കൗൺസിലിലാണ് ബിനോയ് വിശ്വം ഇക്കാര്യം വ്യക്തമാക്കിയത്. പിഎം ശ്രീയിൽ നിലപാടിൽ പിന്നോട്ടില്ലെന്നും, സിപിഐഎമ്മിന് ഏകപക്ഷീയമായി പിഎംശ്രീ നടപ്പാക്കാൻ ആവില്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം. എ. ബേബിയും പറഞ്ഞിട്ടുണ്ട്.
ദേശീയ വിദ്യാഭ്യാസ നയം എന്ന ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള പദ്ധതിയാണ് അതെന്നും അതിന് അനുവദിക്കില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. പിഎം ശ്രീ പദ്ധതിയുടെ ഫണ്ട് വാങ്ങിയാൽ അത് നടപ്പാക്കേണ്ടിവരും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കുറുക്കുവഴിയാണ് പിഎം ശ്രീ. ഫണ്ടും നയവും തമ്മിൽ ബന്ധമുള്ളതാണ് എന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.
രാജ്യത്തെ ജനങ്ങളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായാണ് രൂപീകരിച്ച പദ്ധതിയാണ് പിഎംശ്രീ. പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിങ് ഇന്ത്യ എന്ന പേരിൽ ആരംഭിച്ച പദ്ധതി ഇന്ത്യയിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകുന്നു. പിഎം ശ്രീ പദ്ധതിയിലൂടെ 14,500 സർക്കാർ സ്‌കൂളുകളെ മാതൃക സ്ഥാപനങ്ങളാക്കി ഉയർത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.