സിപിഐ മലപ്പുറം സമ്മേളനത്തില്‍ എം.വി. ഗോവിന്ദന് വിമർശനം Source: News Malayalam 24x7
KERALA

"നിലമ്പൂരില്‍ തിരിച്ചടിയായത് എം.വി. ഗോവിന്ദന്റെ ആർഎസ്എസ് പരാമർശം"; സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ വിമർശനം

ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്‍മേലുള്ള ചർച്ചയിലാണ് വിമർശനങ്ങള്‍ ഉയർന്നുവന്നത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വിമർശനം. എം.വി. ഗോവിന്ദന്റെ ആർഎസ്എസ് പരാമർശം നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. വിവാദ പരാമർശം മുസ്ലീം വോട്ടുകൾ ഏകീകരിക്കാൻ വഴിയൊരുക്കിയെന്നുമാണ് വിമർശനം.

ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്‍മേലുള്ള ചർച്ചയിലാണ് വിമർശനങ്ങള്‍ ഉയർന്നുവന്നത്. നേതൃസ്ഥാനത്ത് ഇരിക്കുന്ന ഒരാളുടെ ഭാഗത്ത് നിന്നും വരേണ്ട പ്രസ്താവനയല്ല എം.വി. ഗോവിന്ദന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. വലിയ വോട്ട് ഭിന്നിപ്പിന് ഇത് കാരണമായി. രണ്ടിലധികം പ്രതിനിധികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി.

എന്നാല്‍, തന്റെ ആർഎസ്എസ് പരാമർശം നിലമ്പൂരില്‍ വോട്ട് കുറച്ചുവെന്ന വാദങ്ങള്‍ എം.വി. ഗോവിന്ദന്‍ തള്ളിയിരുന്നു. മുഖ്യമന്ത്രി തന്നെ ശാസിച്ചുവെന്നും വിവാദ പരാമർശത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നുവെന്നുമുള്ള വാര്‍ത്തകള്‍ വ്യാജപ്രചരണമാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് വിശദീകരിച്ചത്.

ആർഎസ്എസുമായി സിപിഐഎം സഹകരിച്ചിട്ടുണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന. രാജ്യത്ത് അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ധ ഫാസിസ്റ്റ് രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ലെന്നുമായിരുന്നു ഗോവിന്ദന്റെ പ്രസ്താവന. ഇതാണ് സിപിഐഎം-ആർഎസ്എസ് ബന്ധമായി വ്യാഖ്യാനിക്കപ്പെട്ടത്.

SCROLL FOR NEXT