ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ എൽഡിഎഫ് പൊട്ടിത്തെറിയിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങി നടത്തിയ ചർച്ചയും പൊളിഞ്ഞതായി സൂചന. പിണറായി വിജയന് മുന്നിലും ബിനോയ് വിശ്വം വഴങ്ങിയില്ലെന്നാണ് വ്യക്തമാകുന്നത്. മന്ത്രിസഭ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് കടന്നിരിക്കുകയാണ് സിപിഐ.
മുഖ്യമന്ത്രിയുമായുള്ള ചർച്ച അവസാനിച്ച ശേഷം, സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നിരുന്നു. സിപിഐ ഉന്നയിച്ച പ്രശ്നങ്ങൾക്കൊന്നും പരിഹാരമായിട്ടില്ലെന്നായിരുന്നു യോഗത്തിന് ശേഷം ബിനോയ് വിശ്വം പ്രതികരിച്ചത്. അടുത്ത ഘട്ടം എന്താണെന്ന് പിന്നാലെ അറിയിക്കാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ എക്സിക്യൂട്ടീവിൽ മന്ത്രിമാർ നേരത്തെ തന്നെ ചില തീരുമാനങ്ങളെടുത്തിരുന്നു. പിഎം ശ്രീയിൽ മുന്നണയിലുണ്ടായത് തെറ്റായ പ്രവണതയാണെന്നും മുന്നണിക്ക് പുറത്തിരിക്കേണ്ടി വന്നാലും ഇപ്പോൾ പിന്നോട്ട് പോകരുതെന്നുമായിരുന്നു എക്സിക്യൂട്ടീവിൽ നേതാക്കളുടെ ആവശ്യം.
വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ബിനോയ് വിശ്വത്തോട് സിപിഐ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആശയപരവും രാഷ്ട്രീയപരവുമായ ശരിയായ തീരുമാനം സിപിഐ എടുക്കുമെന്നായിരുന്നു ആലപ്പുഴയിൽ ചേർന്ന സിപിഐയുടെ നിർണായക എക്സിക്യൂട്ടീവ് യോഗത്തിൽ ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം.
അതേസമയം മുഖ്യമന്ത്രിയും ബിനോയ് വിശ്വവുമായി ആലപ്പുഴ ഗസ്റ്റ് ഹൗസിൽ നടന്ന നിർണായക കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ബിനോയ് വിശ്വവുമായി ചർച്ച നടത്തിയ ശേഷം സിപിഐ മന്ത്രിമാരുമായും മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ് എന്നിവരുമായാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയത്.