Source: Social Media
KERALA

"സുരക്ഷിതമായ സ്ഥലം, ഇവിടെ നിന്ന് ട്രംപിന്റെ താരിഫ് യുദ്ധത്തെപ്പറ്റി ഒരു വാക്ക് പറയുമോ?"; കേരളത്തിൽ എത്തുന്ന മോദിക്ക് തുറന്ന കത്തയച്ച് ബിനോയ് വിശ്വം

മോദിക്ക് തിരുവനന്തപുരത്ത് വന്ന് ശുദ്ധവായു ശ്വസിക്കാം. പക്ഷേ കഴിഞ്ഞ 10 കൊല്ലമായി ഡൽഹിയിൽ പ്രവർത്തിക്കുന്ന കേന്ദ്രമന്ത്രിമാർക്ക് ശുദ്ധവായു ലഭിക്കുന്നില്ലല്ലോ

Author : ശാലിനി രഘുനന്ദനൻ

തിരുവനന്തപുരം: അടുത്ത ദിവസം കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തയച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മോദിക്ക് തിരുവനന്തപുരത്ത് വന്ന് ശുദ്ധവായു ശ്വസിക്കാമെന്നും, പക്ഷേ കഴിഞ്ഞ 10 കൊല്ലമായി ഡൽഹിയിൽ പ്രവർത്തിക്കുന്ന കേന്ദ്രമന്ത്രിമാർക്ക് ശുദ്ധവായു ലഭിക്കുന്നില്ലല്ലോ എന്നും ബിനോയ് വിശ്വം പരിഹസിച്ചു.

രാജ്യവും ജനങ്ങളും അറിയാൻ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങൾ ഉന്നയിക്കാനാണ് തുറന്ന കത്തെന്നും ബിനോയ് വിശ്വം എഴുതി. കോർപ്പറേഷനിലെ ബിജെപിയുടെ വിജയം കൊണ്ടാടാനാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതെന്നും, എല്ലാ പണക്കൊഴുപ്പും ചേർത്തുവച്ച് മോദിയുടെ വരവ് മഹാസംഭവമാക്കാൻ അവർ ശ്രമിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വിമർശിച്ചു.

"നരേന്ദ്ര മോദി എല്ലാ കാപട്യങ്ങളും ജനങ്ങളുടെ മുമ്പിൽ വിവരിക്കുമെന്നും രാജ്യവും ജനങ്ങളും അറിയാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ ചോദിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്ത് എന്നു പറഞ്ഞാണ് ബിനോയ് വിശ്വം തുടങ്ങുന്നത്. 45 ദിവസത്തിനുള്ളിൽ ഓടിപ്പിടിച്ച് തിരുവനന്തപുരത്തേക്ക് എത്തുന്ന പ്രധാനമന്ത്രി ഡൽഹിയിൽ ജീവിക്കുന്നവർക്ക് അവകാശപ്പെട്ട ശുദ്ധവായു ഉറപ്പാക്കാൻ പ്രധാനമന്ത്രി എന്ത് ചെയ്തു. അത് സാധിക്കാത്ത പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്ന് എന്ത് രാഷ്ട്രീയ ചെപ്പടി വിദ്യ കാണിക്കാനാണെന്ന് ബിനോയ് വിശ്വം ചോദിച്ചു. കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിൽ മോദി വന്നത് 864 ദിവസങ്ങൾക്ക് ശേഷമാണ്. ശാന്തമായി ജീവിച്ചുപോകുന്ന മണിപ്പൂരിനെ മോദി സർക്കാർ തമ്മിലടിപ്പിച്ചു.

ഉലകം ചുറ്റും വാലിബനാണ് പ്രധാനമന്ത്രി. അദ്ദേഹത്തിന് മണിപ്പൂരിലെത്താൻ ഇത്രയും ദിവസം വേണ്ടി വന്നു. എന്നാൽ തിരുവനന്തപുരത്ത് അദ്ദേഹം ഒട്ടും വൈകാതെ വരുന്നത് ജനങ്ങൾ തിരിച്ചറിയുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. പ്രധാനമന്ത്രിക്ക് ഇവിടെ സ്വതന്ത്രമായി വരാം. ധൈര്യമായി വരാം, സുരക്ഷിതമായ സ്ഥലം. ആ ധൈര്യം കൊണ്ടാകാം നരേന്ദ്രമോദി ഇത്രയും വേഗം ഇവിടെ എത്തിയതെന്നും ബിനോയ് വിശ്വം പരിഹസിച്ചു. ഡൊണാൾഡ് ട്രംപ് അടിച്ചേൽപ്പിച്ച താരിഫ് യുദ്ധത്തെ പറ്റി മോദി ഒരു വാക്ക് പറയുമോ? വെനസ്വേലയെ പറ്റി പറയണമെങ്കിൽ ട്രംപ് സമ്മതിക്കണം.

നാക്കിനും നെഞ്ചിനും നീളമുള്ള പ്രധാനമന്ത്രി, ഈ ധിക്കാരം മതിയാക്കൂവെന്ന് ട്രംപിനോട് പറയാൻ എന്തുകൊണ്ട് ചങ്കൂറ്റം കാണിക്കുന്നില്ല? സുരക്ഷിതമായി സംസാരിക്കാൻ പറ്റിയ തിരുവനന്തപുരത്തു നിന്നെങ്കിലും മോദി ട്രംപിനോട് പറയുമോ? ഇന്ത്യയുടെ നികുതി നിശ്ചയിക്കാനുള്ള അവകാശം ഇന്ത്യക്കാണെന്ന് പറയുമോ എന്നും ബിനോയ് വിശ്വം കത്തിലൂടെ ചോദിക്കുന്നു. ട്രംപ് വിടുവായനാണ്. ആ വിടുവായൻ രാജ്യത്തിന്റെ നയപരമായ കാര്യങ്ങൾ പറയുമ്പോൾ അത് വേണ്ട എന്ന് പ്രധാനമന്ത്രി പറയാനായില്ലെങ്കിൽ പിന്നെ എന്തിനാണ് നീളമുള്ള നാക്കെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ചോദിച്ചു.

SCROLL FOR NEXT