KERALA

പിണറായി സർക്കാർ വേണ്ട, എൽഡിഎഫ് സർക്കാർ മതി; വിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും സമ്മേളനത്തിൽ രൂക്ഷ വിമർശനവും പരിഹാസവുമുയർന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പിണറായി സർക്കാർ പ്രയോഗത്തിനെതിരെ വിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം. പിണറായി സർക്കാർ എന്ന പ്രയോഗം വേണ്ടെന്നും എൽഡിഎഫ് സർക്കാർ മതിയെന്നും സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു. രണ്ടാം പിണറായി സർക്കാരെന്നല്ല പറയേണ്ടത് രണ്ടാം എൽഡിഎഫ് സർക്കാർ എന്നാണെന്നും പ്രതിനിധികൾ പറ‍ഞ്ഞു.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും സമ്മേളനത്തിൽ രൂക്ഷ വിമർശനവും പരിഹാസവുമുയർന്നു. സിപിഐഎം നേതാക്കളെ കാണുമ്പോൾ സെക്രട്ടറിക്കും മന്ത്രിമാർക്കും മുട്ടിടിക്കും. ബിനോയ് വിശ്വം വെളിച്ചപ്പാടാണോ എന്നും പരിഹാസം. ബിനോയ് വിശ്വ വെളിച്ചപ്പാടാണോ എന്നും പരിഹാസം. എന്തു പറയുന്നുവെന്ന് അദ്ദേഹത്തിന് പോലും അറിയില്ല. ഗുളിക കഴിക്കും പോലെയാണ് പ്രസ്താവനകൾ. രാവിലെ ഒന്ന് ഉച്ചയ്ക്ക് ഒന്നു വൈകീട്ട് മറ്റൊന്ന്. ബിനോയ് വിശ്വം വെളിയത്തെയും ചന്ദ്രപ്പനയും കണ്ടുപഠിക്കണമെന്നും വിമർശനം.

പാർട്ടിയിൽ ജാതി വിവേചനം നിലനിൽക്കുന്നുവെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു. സിപിഐയിൽ ജാതി വിവേചനം ഉണ്ട്. പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ. രാജനെ പോലും തരംതാഴ്ത്തുന്നുവെന്നും സമ്മേളനത്തിൽ വിമർശനം.

സിപിഐ മുന്നണി വിടേണ്ട സമയം കഴിഞ്ഞെന്ന് പ്രതിനിധികൾ. സിപിഐ സിപിഐഎം ബന്ധം ഉപേക്ഷിക്കണം. മുന്നണി വിടണമെന്നും രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ആവശ്യമുയർന്നു. പാള കീറും പോലെ നമ്മളെ കീറി എറിഞ്ഞവരാണ് സിപിഐഎമ്മുകാർ. നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും. മുന്നണി ബന്ധം ഇനിയെങ്കിലും പുനരാലോചിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

SCROLL FOR NEXT