Source: Social Media
KERALA

കൈപ്പമംഗലത്തും നാട്ടികയിലും കൊടുങ്ങല്ലൂരിലും പകരം സ്ഥാനാർഥികൾ; തൃശൂരിൽ പരീക്ഷണങ്ങൾക്ക് ഒരുങ്ങി സിപിഐ

തൃശൂരിൽ നിലവിലെ എംഎൽഎ പി. ബാലചന്ദ്രനെ മാറ്റി പകരം സ്ഥാനാർഥിയെ പരിഗണിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

Author : ശാലിനി രഘുനന്ദനൻ

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ തൃശൂരിൽ പരീക്ഷണങ്ങൾക്ക് ഒരുങ്ങി സിപിഐ. മംഗലത്തും നാട്ടികയിലും കൊടുങ്ങല്ലൂരിലും പകരം സ്ഥാനാർഥികളെ പരിഗണിക്കുകയാണ്. രണ്ട് തവണ മത്സരിച്ച് വിജയിച്ച മന്ത്രി കെ. രാജൻ മാത്രമാണ് ജില്ലയിൽ സീറ്റ് നിലനിർത്തുമെന്ന് ഉറപ്പുള്ളത്. തൃശൂരിൽ നിലവിലെ എംഎൽഎ പി. ബാലചന്ദ്രനെ മാറ്റി പകരം സ്ഥാനാർഥിയെ പരിഗണിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

കനത്ത ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ ജനകീയതയിൽ പിന്നിൽ പോയതും ആരോഗ്യ പ്രശ്നങ്ങളും ബാലചന്ദ്രന് തിരിച്ചടിയായി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ അഡ്വ. പി. പ്രദീപ് കുമാർ, തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സി. സുമേഷ് എന്നിവരാണ് നിലവിൽ പരിഗണനയിലുള്ളത്.

കൈപ്പമംഗലത്ത് തുടർച്ചയായി രണ്ട് ടേമുകളിൽ മത്സരിച്ച് വിജയിച്ച ഇ.ടി. ടൈസൺ മാസ്റ്റർക്ക് പകരം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. വത്സരാജ് സ്ഥാനാർഥിയായേക്കും. നിലവിലെ എംഎൽഎ വി.ആർ. സുനിൽ കുമാറിന് പകരം കൊടുങ്ങല്ലൂരിൽ സംസ്ഥാന കമ്മറ്റി അംഗം കെ.വി. വസന്തകുമാർ മത്സരിക്കാൻ സാധ്യതയുണ്ട്.

സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അനുകൂലമായാൽ നാട്ടിക എംഎൽഎ സി.സി. മുകുന്ദന് പകരം ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ. കെ. ഉദയപ്രകാശിനെ പരിഗണിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.

SCROLL FOR NEXT