KERALA

കണക്കുകളിൽ വൈരുദ്ധ്യം, മുന്നറിയിപ്പിലുൾപ്പെടെ പാളിച്ച, സംസ്ഥാനത്ത് സംഭവിച്ചത് സർക്കാർ നിർമിത പ്രളയമെന്ന് സിപിഐഎം

റാന്നിയിൽ വ്യാപാരികൾ നഷ്ടക്കണക്ക് എടുക്കാൻ വന്ന പഞ്ചായത്ത് ഉദ്യോഗസ്ഥരോട് തട്ടിക്കയറി

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട; സംസ്ഥാനത്തെ മിന്നൽ പ്രളയ മുന്നറിയിപ്പിലും ദുരന്തനിവാരണ മുന്നൊരുക്കങ്ങളിലും സർക്കാർ സംവിധാനങ്ങൾ അമ്പേ പാളിയെന്ന് ആക്ഷേപം. സർക്കാരിൻ്റെ ഭാഗത്ത് അനാസ്ഥയും ഏകോപന കുറവും ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. സർക്കാർ നിർമിത പ്രളയമെന്ന കടുത്ത ആരോപണമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉന്നയിച്ചത്. ആറന്മുളയും റാന്നിയും പ്രളയ ജലത്തിൽ മുങ്ങിയത് അലംഭാവം കൊണ്ടാണെന്നും മൂഴിയാർ അണക്കെട്ടിലെ വെള്ളം തുറന്ന് വിടുന്നതിന് മുൻപ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രാഹാം ആരോപിച്ചു. റവന്യൂ വകുപ്പ് കുറച്ച് കൂടി കാര്യക്ഷമമായി ഇടപെടണമെന്ന പരോക്ഷ വിമർശനവുമായി ആറന്മുള എംഎൽഎ അബിൻ വർക്കിയും രംഗത്തെത്തി.

പത്തനംതിട്ടയുടെ മലയോര മേഖലയിൽ മിനിഞ്ഞാന്ന് രാത്രി പെയ്ത പെരുമഴ പെയ്ത്തിൻെറ ദുരിതം പേറുകയാണ് ഇന്നലെയും ഇന്നുമായി ആറൻമുളയിലെ മനുഷ്യർ. അതിശക്തമായി പെയ്തിറങ്ങിയ മഴവെള്ളം ആർത്തലച്ച് താഴ്ന്ന പ്രദേശങ്ങളിലേക്ക് എത്തുമെന്ന മുന്നറിയിപ്പ് കൃത്യമായി സർക്കാർ സംവിധാനങ്ങൾ നൽകിയില്ല. ഇതോടെ പലരും വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു. മൂഴിയാർ ഡാമിൽ ജലനിർപ്പ് ഉയർന്നോടെ ആരെയും അറിയിക്കാതെ തുറന്ന് വിട്ടതാണ് റാന്നിയിലെയും ആറൻമുളയിലെയും പ്രതിസന്ധി രൂക്ഷമാക്കിയെന്ന് സി പിഐഎം ജില്ല സെക്രട്ടറി രാജു എബ്രഹാം ഓറഞ്ച് ബുക്കിലെ ചട്ടങ്ങൾ മുഴുവൻ ലംഘിച്ചാണ് വെള്ളം തുറന്ന് വിട്ടത്. അലാറാം മുഴക്കിയില്ല, അനൗൺസ്മെൻ്റും നൽകിയില്ല, തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുന്നതിലും വീഴ്ചയുണ്ടായി, സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു എങ്കിൽ ദുരന്തത്തിൻ്റെ ആഘാതം കുറയ്ക്കാമായിരുന്നു എന്ന് രാജു എബ്രഹാം പറഞ്ഞു.

സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ പാളിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ ഏകോപന കുറവ് ഉണ്ടായി. റാന്നിയിൽ മുന്നറിയിപ്പില്ലാതെയാണ് ഡാം തുറന്നു വിട്ടതെന്ന പ്രദേശവാസികളുടെ ആരോപണം ഗുരുതരമാണ്. വെള്ളക്കെട്ടിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കണമെന്നും ദുരന്തനിവാരണ പ്രവർത്തികൾ ഏകോപിപ്പിക്കാൻ ഉള്ള നടപടികൾ അടിയന്തരമായി സർക്കാർ സ്വീകരിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പിണറായി വിജയൻ ആവശ്യപ്പെട്ടു. ദുരന്തനിവാരണ അതോറിറ്റിക്കും കാലാവസ്ഥ വകുപ്പിനും ഗുരുതര വീഴ്ച സംഭവിച്ചുവെന്ന്സി പിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.

കാലവർഷക്കെടുതിയിൽ സംസ്ഥാനത്തിന്റെ സാഹചര്യം മനസിലാക്കി മുഖ്യമന്ത്രി ഇടപെടണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു . ജനങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണം . മഴക്കെടുതിയിൽ മാധ്യമപ്രവർത്തകരോട് പോലും മുഖ്യമന്ത്രി നിസ്സംഗ സമീപനം സ്വീകരിക്കുന്നുവെന്നും സിപിഐഎം കുറ്റപ്പെടുത്തി . വെള്ളപ്പൊക്കം രൂക്ഷമായതോടെ റവന്യൂ വകുപ്പിൻ്റെ വീഴ്ചകളിൽ മുനവെച്ച പ്രതികരണവുമായി ആറന്മുള എംഎൽഎ അബിൻവർക്കിയും രംഗത്തെത്തി. കൂടുതൽ സർക്കാർ സഹായം വേണമെന്നും വകുപ്പ് കുറച്ച് കൂടി കാര്യക്ഷമമായി ഇടപെടണമെന്നും അബിൻ ആവശ്യപ്പെട്ടു. ആറന്മുളയിൽ കൂടുതൽ ശ്രദ്ധ വേണമെന്ന ആവശ്യം ന്യായമെന്ന് പറഞ്ഞ മന്ത്രി പി.സി. വിഷ്ണുനാഥ്, രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. അബിൻ വർക്കിയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി എ.പി.അനിൽകുമാർ പറഞ്ഞു.

പ്രളയാനന്തര ശുചീകരണം പാളിയതോടെ റാന്നിയിൽ വ്യാപാരികൾ നഷ്ടക്കണക്ക് എടുക്കാൻ വന്ന പഞ്ചായത്ത് ഉദ്യോഗസ്ഥരോട് തട്ടിക്കയറി. ശുചീകരണത്തിന് ഒരു സംവിധാവും ഇല്ലെന്ന് വ്യാപാരികൾ പറഞ്ഞു. റാന്നി എംഎൽഎ പഴകുളം മധു ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പ്രതിഷേധങ്ങൾക്കിടെയും പ്രളയത്തിൽ കൈവിട്ട സാധാരണ ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് മനുഷ്യർ. അതിനിടെ മഴക്കെടുതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസും റവന്യൂ വകുപ്പും പുറത്തുവിട്ട കണക്കുകളിലെ വൈരുദ്ധ്യവും വിവാദമാകുകയാണ് . എട്ട് മരണം സ്ഥിരീകരിച്ചു , എട്ടു പേരെ കാണാതായി , 13 പേർക്ക് പരിക്കേറ്റു , 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റിപാർപ്പിച്ചു എന്നിങ്ങനെ ആയിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ട കണക്ക് .എന്നാൽ പരിക്കേറ്റത് ഒരാൾക്കെന്നും കണ്ടെത്താനുള്ളത് നാല് പേരെ മാത്രമെന്നുമാണ് റവന്യൂ വകുപ്പിന്റെ കണക്കിലുള്ളത് . ഇന്നലെ വൈകിട്ട് പുറത്ത് വിട്ട അതേ കണക്കാണ് , റവന്യൂ കമ്മീഷണറേറ്റ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കും പുറത്ത് വിട്ടത് .

SCROLL FOR NEXT