തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് സിപിഐഎം പ്രചാരണം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേതാക്കളുമായുള്ള അടുപ്പം ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ അടക്കം സിപിഐഎം ആരോപണമുയർത്തുന്നത്. സോണിയാ ഗാന്ധിക്കും പങ്കുണ്ടെന്ന തരത്തിലാണ് ആരോപണം. ഇത് ഏറ്റെടുത്ത് മന്ത്രിമാരും സിപിഐഎം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരും പാർട്ടിയും പ്രതിസന്ധിയിൽ ആയിട്ടും പ്രതിരോധത്തിന് കാര്യമായ ശ്രമം തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരും വരെ സിപിഐഎം നടത്തിയിരുന്നില്ല. കോടതി നിർദേശിച്ച പ്രത്യേക സംഘത്തിൻ്റെ അന്വേഷണം നടക്കട്ടെ എന്നായിരുന്നു നിലപാട്. എന്നാൽ യുഡിഎഫും ബിജെപിയും ഉയർത്തിയ പ്രചാരണം സിപിഐഎമ്മിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നാണ് പൊതുവേ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രതിരോധത്തിന് സിപിഐഎം ശ്രമം.
സ്വർണ മോഷണത്തിലെ പ്രധാന കണ്ണിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോൺഗ്രസ് നേതാക്കളുമായുള്ള അടുപ്പം ഉയർത്തിയാണ് സിപിഐഎം പ്രചാരണം. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കൊണ്ടുവന്നത് യുഡിഎഫ് ആണ്. സോണിയ ഗാന്ധിയുടെ വസതിയിൽ രണ്ട് തവണ ഉണ്ണികൃഷ്ണൻ പോറ്റി സന്ദർശനം നടത്തി. കോൺഗ്രസ് നേതാക്കളായ ആൻ്റോ ആൻ്റണി, അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവരാണ് അതിനു സഹായം നൽകിയതെന്നും സിപിഐഎം ആരോപിക്കുന്നു. സോണിയ ഗാന്ധിയുടെ സഹോദരിക്ക് ഇറ്റലിയിൽ പൗരാണിക വസ്തുക്കൾ വിൽക്കുന്ന കടയുണ്ടെന്നും ശബരിമല സ്വർണക്കടത്തിന് ഇതുമായി ബന്ധമുണ്ടെന്നുമാണ് സിപിഐഎം പ്രചാരണം.
പിന്നാലെ ആരോപണങ്ങൾ ഏറ്റെടുത്ത് മന്ത്രിമാരും രംഗത്തെത്തി. സോണിയ ഗാന്ധിയ്ക്ക് ഒരു ബന്ധവുമില്ലെങ്കിൽ ഇത്രയും അടുത്ത് നിൽക്കുമോ എന്നായിരുന്നു വി. ശിവൻകുട്ടിയുടെ ചോദ്യം. ഉണ്ണികൃഷ്ണൻ പോറ്റി സ്ഥിരം സന്ദർശകനായിരുന്നു. ഗോവർദ്ധനനും ചിത്രത്തിൽ ഒപ്പമുണ്ട്. എന്താണ് കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധമെന്നും അന്വേഷണം വേണമെന്നും വി. ശിവൻകുട്ടി പറഞ്ഞു.
പോറ്റിയെ കേറ്റിയേ എന്ന പാരഡി പാട്ടും മുൻ മന്ത്രിമാർക്കെതിരെ വരെ ആരോപണങ്ങളും ഉയർത്തി ശബരിമല സ്വർണക്കൊള്ളയിൽ ശക്തമായ പ്രചാരണമാണ് തെരഞ്ഞെടുപ്പിന് ശേഷവും യുഡിഎഫ് തുടരുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ആരോപണ വിധേയരുടെ കോൺഗ്രസ് ബന്ധം ചൂണ്ടിക്കാട്ടിയുള്ള സിപിഐഎമ്മിന്റെ പ്രതിരോധം.