KERALA

യുടേണടിച്ച് സിപിഐഎം; എസ്എംഎ മരുന്നിനെപ്പറ്റിയോ കമ്പനിയെപ്പറ്റിയോ ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്ന് പി.കെ.ശ്രീമതി

'ഫോർ ക്ലിനിക്കൽ ട്രയൽ' എന്ന് ലേബൽ ചെയ്ത മരുന്ന്, വേണ്ടത്ര വിശദീകരണം ഇല്ലാതെയും നടപടിക്രമം പാലിക്കാതെയും വിതരണം ചെയ്തതിനെയാണ് വിമർശിച്ചതെന്നാണ് പി.കെ.ശ്രീമതിയുടെ വിശദീകരണം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാദത്തിൽ നിന്ന് യു ടേണടിച്ച് സിപിഐഎം. മരുന്നിനെപ്പറ്റിയോ കമ്പനിയെപ്പറ്റിയോ ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്ന് മുൻ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി പറഞ്ഞു. 'ഫോർ ക്ലിനിക്കൽ ട്രയൽ' എന്ന് ലേബൽ ചെയ്ത മരുന്ന്, വേണ്ടത്ര വിശദീകരണം ഇല്ലാതെയും നടപടിക്രമം പാലിക്കാതെയും വിതരണം ചെയ്തതിനെയാണ് വിമർശിച്ചതെന്നാണ് പി.കെ.ശ്രീമതിയുടെ വിശദീകരണം. സിപിഐഎം ഒരു സമയത്തും ജനറിക് മരുന്നുകൾക്ക് എതിരായ നിലപാട് എടുത്തിട്ടില്ലെന്നും മുൻ ആരോഗ്യമന്ത്രി വിശദീകരിച്ചു.

മൂന്ന് മുൻ ഇടത് ആരോഗ്യമന്ത്രിമാർ വാർത്താസമ്മേളനം നടത്തി ഉന്നയിച്ച വിമർശനം അസ്ഥാനത്തായിപ്പോയി എന്ന തിരിച്ചറിവിലാണ് സിപിഐഎമ്മിൻ്റെ യു ടേൺ. നാ​റ്റ്കോ ഫാ​ർ​മ​യു​ടെ, നാ​റ്റ്സ്മാ​ർ​ട്ട് എന്ന ജനറിക് മ​രു​ന്ന് സംസ്ഥാനത്തെ എസ്എംഎ ബാധിതരായ കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. എന്നാൽ ഇതിൻ്റെ കവറിൽ ഫോർ ക്ലിനിക്കൽ ട്രയൽ ബാർ ഫിസിഷ്യൻസ് സാംപിൾ എന്ന് രേഖപ്പെടുത്തിയത് പുറത്തുവന്നതോടെയാണ് വൻ വിവാദം പൊട്ടിപ്പുറപ്പെട്ടത്. കുട്ടികളിൽ മരുന്നുപരീക്ഷണം നടത്തുന്നു എന്നും, ടെണ്ടർ വിളിച്ചിട്ടില്ലെന്നും, മരുന്ന് കമ്പനി പ്രതിനിധികൾ എസ്എടി സൂപ്രണ്ടിനെ നേരിട്ട് കണ്ട് സ്വാധീനിച്ചാണ് മരുന്ന് വിതരണത്തിന് എത്തിച്ചതെന്നും അടക്കം ഒരുപിടി വിമർശനങ്ങളാണ് മുൻ ആരോഗ്യമന്ത്രിമാരായ കെ.കെ.ശൈലജ, പി.കെ.ശ്രീമതി, വീണാ ജോർജ് എന്നിവർ വാർത്താസമ്മേളനം നടത്തി ഉന്നയിച്ചത്.

എന്നാൽ ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന ആരോഗ്യപ്രവർത്തകരടക്കം ഈ നിലപാടിനെതിരെ രംഗത്തെത്തി. ഡോ. ബി ഇക്ബാൽ, ഡോ. രാമൻകുട്ടി തുടങ്ങിയവരടക്കം നാറ്റ്സ്മാർട്ട് മരുന്നിന് അനുകൂല നിലപാടുമായി എത്തി. പൊള്ളുന്ന വിലയുള്ള ബ്രാൻഡഡ് മരുന്നുകൾക്ക് പകരം വിലക്കുറവുള്ള ജനറിക് മരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും ജനറിക് മരുന്നുകളുടെ ക്ലിനിക്കൽ ട്രയൽ തെറ്റിദ്ധരിക്കപ്പെടരുത് എന്നുമടക്കം വിമർശം ഉയർന്നു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് മരുന്നുവിതരണം നടത്തിയതെന്ന് വിദ​ഗ്ധ സ​മി​തി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ.മു​ര​ളീ​ധ​ര​നും വ്യക്തമാക്കി.

സിപിഐഎമ്മിൻ്റെ ചോദ്യങ്ങൾക്ക് നിരവധി പേർ മറുപടി നൽകിയിട്ടുണ്ടെന്നും തനിക്ക് പറയാനുള്ളത് നിയമസഭയിൽ വ്യക്തമാക്കുമെന്നും ആരോഗ്യമന്ത്രി ഇന്ന് പ്രതികരിച്ചു. വിശദീകരണം വേണമെന്ന് ലഘുവായ രീതിയിലാണ് വിമർശനം ഉന്നയിച്ചതെന്നും പക്ഷേ ആരോഗ്യമന്ത്രി അപമാനിക്കുന്ന തരത്തിൽ അതിനോട് പ്രതികരിച്ചുവെന്നും പി.കെ.ശ്രീമതി. ഏതായാലും വലിയ അളവിലുന്നയിച്ച വിമർശനത്തിൽ നിന്ന്, മാതാപിതാക്കളുടെ ആശങ്ക പങ്കുവയ്ക്കുകയാണ് ചെയ്തത് എന്ന വിശദീകരണത്തോടെ ഇപ്പോൾ പിന്‍മാറുകയാണ് സിപിഐഎം. അതേസമയം നടപടിക്രമങ്ങൾ പാലിച്ചില്ല, ടെണ്ടർ ക്ഷണിച്ചില്ല തുടങ്ങിയ വിമർശനങ്ങൾ സജീവമാക്കി നിർത്തുകയും ചെയ്യുന്നു.

SCROLL FOR NEXT