

കോഴിക്കോട്: ഖത്തർ KMCC കവർച്ചാ കേസിൽ അന്വേഷണം KMCC ഉന്നതരിലേക്ക് നീങ്ങിയതോടെ ആരോപണ വിധേയനായ റൊട്ടാന റസാഖിനെ പാർട്ടിയിൽ നിന്നും പുറത്താക്കി മുസ്ലീം ലീഗ്. പാർട്ടി അംഗത്വത്തിൽ നിന്നും KMCC ഉൾപ്പടെയുള്ള പോഷക സംഘടനകളിൽ നിന്നുമാണ് അബ്ദുൾ റസാഖ് കുന്നുമ്മൽ എന്ന റൊട്ടാന റസാഖിനെ പുറത്താക്കിയത്. ഇതിനിടെ കേസിലെ ഒന്നാം പ്രതി ബോംബെ ഷാജി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി പ്രവാസി വ്യവസായി കമറുദ്ദീൻ പയ്യോളി രംഗത്തെത്തി. കേസിൽ റിമാന്റിൽ കഴിയുന്ന ബാലകൃഷ്ണനെ കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി.
ഖത്തർ KMCC ഓഫീസിൽ നടന്ന കോടികളുടെ കവർച്ച KMCC യിലെ ഉന്നതരുടെ പിന്തുണയോടെയാണ് നടന്നതെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കേസിലെ മുഖ്യപ്രതി ബോംബെ ഷാജി, ഖത്തർ വ്യവസായി കമറുദീൻ പയ്യോളിയ്ക്ക് അയച്ച ശബ്ദ സന്ദേശത്തിൽ ഇതു സംബന്ധിച്ച സൂചനകളുണ്ടായിരുന്നു. ഇക്കാര്യം ശരിവെക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കേസിൽ ആരോപണം നേരിട്ട അബ്ദുൾ റസാഖ് കുന്നുമ്മൽ എന്ന റസാഖ് റൊട്ടാനയ്ക്കതിരെ മുസ്ലിം ലീഗ് നടപടിയെടുത്തത് ഇതിന്റെ ഭാഗമാണ്.
മുസ്ലീം ലീഗിൽ നിന്നും KMCC ഉൾപ്പടെയുള്ള പോഷക സംഘടനകളിൽ നിന്നുമാണ് റൊട്ടാന റസാഖിനെ പുറത്താക്കിയത്. ഖത്തർ KMCC യുടെ സ്പോർട്സ് വിംഗ് ചെയർമാനും സംസ്ഥാന കൗൺസിൽ അംഗവുമാണ് റൊട്ടാന റസാഖ്. ലീഗിലെ മുതിർന്ന നേതാക്കളുമായി ഏറെ അടുപ്പം പുലർത്തുന്നയാളാണ് റസാഖ്. ഇതിനിടെ കേസിൽ പങ്കുണ്ടെന്ന് മുഖ്യപ്രതി ബോംബെ ഷാജി ആരോപണം ഉന്നയിച്ച ഖത്തർ വ്യവസായി കമറുദീൻ പയ്യോളി വിശദീകരണവുമായി രംഗത്തെത്തി. തനിക്ക് സംഭവത്തിൽ ഒരു പങ്കുമില്ലെന്നും ബോംബെ ഷാജിയെ പരിചയമില്ലെന്നും കമറുദ്ദീൻ പയ്യോളി പറഞ്ഞു.