ആലപ്പുഴ: മന്തി റെസ്റ്റോറന്റിന്റെ പരസ്യത്തിലെ ശ്രീകൃഷ്ണ ചിത്ര വിവാദത്തിൽ കർശന നിയമനടപടി ആവശ്യപ്പെട്ട് സിപിഐഎം ചേർത്തല ഏരിയ കമ്മിറ്റി രംഗത്ത്. മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കമാണ് പോസ്റ്ററിലുള്ളതെന്നും ഇത് സമൂഹത്തിലെ സൗഹാർദത്തെ തകർക്കാൻ ഇടയാക്കുമെന്നും എ.എം. ആരിഫ് വ്യക്തമാക്കി. ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും ഹോട്ടൽ ഉടമകളുടെ നടപടിയെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും ആരിഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
"വിഷു പോലുള്ള ഉത്സവങ്ങൾ മതപരമായ ആഘോഷങ്ങൾക്കപ്പുറം സാമൂഹിക ഐക്യത്തിന്റെ പ്രതീകങ്ങൾ കൂടിയാണ്. കേരളത്തിന്റെ പ്രത്യേകത തന്നെ മതങ്ങൾക്ക് അതീതമായി ആളുകൾ പരസ്പരം ഉത്സവങ്ങൾ പങ്കിടുന്ന സംസ്കാരമാണ്. ഈ പശ്ചാത്തലത്തിൽ, ചേർത്തല നഗരത്തിലെ ഒരു മാംസാഹാര വിൽപ്പനശാല വിഷു ആശംസാകാർഡ് പ്രചരിപ്പിച്ചതിനെ തുടർന്ന് സമൂഹത്തിൽ ആശങ്കകൾ ഉണ്ടാകാൻ ഇടവന്നിട്ടുണ്ട്. ഈ സംഭവത്തിൽ കർശന നിയമനടപടി ആവശ്യപ്പെട്ട് സിപിഐഎം ചേർത്തല ഏരിയ കമ്മിറ്റി പൊലീസ് അധികൃതരെ സമീപിച്ചിട്ടുണ്ട്. മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കം പ്രചരിപ്പിക്കുന്നത് സമൂഹത്തിലെ സൗഹാർദത്തെ തകർക്കാൻ ഇടയാക്കുമെന്ന് ഏരിയ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
അതേസമയം, ഈ വിഷയം ആളിക്കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാൻ ശ്രമിക്കുന്ന പ്രവണതയും അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. ചെറിയ സംഭവങ്ങളെ വലുതാക്കി മതവിദ്വേഷം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികൾ സമൂഹത്തിൽ സജീവമാണെന്നത് നിഷേധിക്കാനാവില്ല.അത്തരത്തിലുള്ള പ്രവണതകൾക്ക് ഇടവരുത്താതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി മാത്രം കാണാതെ, സമൂഹത്തിലെ ഐക്യവും സമാധാനവും സംരക്ഷിക്കാനുള്ള ഒരു മുന്നറിയിപ്പായി കാണേണ്ട സമയമായി കണ്ടു കൊണ്ട് മതസ്പർധ വളർത്താൻ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും അവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യുക സമൂഹത്തിന്റെ ഉത്തരവാദിത്വം കൂടിയാണ്.ഇത്തരം സംഭവങ്ങൾ മതസ്പർധ വളർത്തി രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന ശക്തികൾ ദുരുപയോഗം ചെയ്യുമെന്ന് മനസ്സിലാക്കാനുള്ള കേവല വിവരം പോലും ഹോട്ടൽ ഉടമകൾക്ക് ഇല്ലാതെ പോയി.അതുകൊണ്ട് തന്നെ ഹോട്ടൽ ഉടമകളുടെ ഈ നടപടിയെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല", ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മന്തിക്ക് മുന്നില്‍ ശ്രീകൃഷ്ണന്‍ ഇരിക്കുന്ന പോസ്റ്ററാണ് വിവാദത്തിലായത്. നിരവധി പേര്‍ ഫേസ്ബുക്കില്‍ ഈ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. സംഭവത്തില്‍ ചേര്‍ത്തല പൊലീസ് കേസെടുത്തിട്ടുണ്ട്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനം എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒരു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ചുമത്തിയത്. റസ്റ്റോറന്റ് ഉടമ അര്‍ഷാദ്, ഷംനാസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ദിനി എ.പി. എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അര്‍ഷാദിനെ ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തു.
എന്നാൽ വളരെ വേദനാജനകമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നതെന്നും പ്രചരിക്കുന്നത് പിന്‍വലിച്ച പോസ്റ്ററാണെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മെഹര്‍ മന്തി റസ്‌റ്റോറന്റ് മാനേജിങ് പാര്‍ട്ണര്‍മാരില്‍ ഒരാളായ ഷമീര്‍ പറഞ്ഞു. റസ്റ്റോറന്റിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയിലായിരുന്നു ഷമീറിന്റെ പ്രതികരണം. ബുദ്ധിമുട്ട് നേരിട്ടവരോട് മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'വിഷുവിന് ആശംസാ പോസ്റ്റര്‍ നിര്‍മിച്ചു. പക്ഷേ ആ പോസ്റ്റര്‍ സമൂഹത്തില്‍ ഇറക്കിവിടാന്‍ പറ്റില്ലെന്ന് മനസിലാക്കി പിന്‍വലിച്ച് പകരം ഏറ്റവും നല്ല പോസ്റ്റര്‍ നിര്‍മിച്ച് സോഷ്യല്‍ മീഡിയ വഴി എല്ലാവരിലേക്കും എത്തിച്ചു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ രണ്ട് പോസ്റ്ററും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് അറിയാതെ ഒരാള്‍ വാട്‌സ്ആപ്പില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. അത് താമസിയാതെ പിന്‍വലിച്ചു. എന്നാല്‍ ആ പോസ്റ്ററിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിക്കപ്പെട്ടു', ഷമീറിന്റെ വാക്കുകൾ.
ആരെയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ല. എന്നാല്‍ മനപ്പൂര്‍വം എല്ലാവരിലേക്കും എത്തിക്കുന്നതിന് വേണ്ടി ചെയ്തതെന്നാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്നവരാണ്. നമ്മള്‍ താമസിക്കുന്നത് കേരളത്തിലാണ്. എല്ലാ ആഘോഷങ്ങളെയും നമ്മള്‍ അങ്ങനെയാണ് കാണുന്നത്. കുറ്റപ്പെടുത്തുന്ന കമന്റുകള്‍ കാണുന്നുണ്ടെന്നും മാപ്പ് ചോദിക്കുകയാണെന്നും ഷമീര്‍ പറഞ്ഞു. പൊറുത്തു നല്‍കണമെന്നും പറഞ്ഞാണ് ഷമീര്‍ വീഡിയോ അവസാനിപ്പിക്കുന്നത്.