KERALA

EXCLUSIVE | ഭരണത്തുടർച്ചയ്ക്ക് തദ്ദേശ വിജയം അനിവാര്യം, ഒരു വീഴ്ചയും ഉണ്ടാകാൻ പാടില്ല; സിപിഐഎം സർക്കുലർ ന്യൂസ് മലയാളത്തിന്

പൊതു അംഗീകാരമുള്ള യുവതീ യുവാക്കളെ സ്ഥാനാർത്ഥിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സിപിഐഎം സർക്കുലർ.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തദ്ദേശഭരണം പിടിക്കാൻ ഒരുങ്ങി സിപിഐഎം. ഭരണത്തുടർച്ചയ്ക്ക് തദ്ദേശ വിജയം അനിവാര്യമാണെന്നും ഒരു വീഴ്ചയും ഉണ്ടാകാൻ പാടില്ലെന്നും സിപിഐഎം സർക്കുലർ. 2021ൽ തുടർഭരണം കിട്ടിയതിൽ പ്രധാന കാരണമായത് തദ്ദേശ വിജയമാണ്. ഒരു വീഴ്ചയും ഇത്തവണ ഉണ്ടാകാൻ പാടില്ല. എൽഡിഎഫ് ഐക്യം പ്രധാനമാണ്. പൊതു അംഗീകാരമുള്ള യുവതീ യുവാക്കളെ സ്ഥാനാർഥിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കി.

എൽഡിഎഫ് എന്ന നിലയിൽ സീറ്റ് ധാരണ ഉണ്ടാക്കിയ ശേഷം മാത്രം സ്ഥാനാർഥി നിർണയം നടത്തിയാൽ മതി. ഇടതുപക്ഷവുമായി സഹകരിക്കുന്ന പൊതു സ്വീകാര്യതയുള്ളവരെ എതിരാളികൾ സ്ഥാനാർഥിയാക്കാതിരിക്കാൻ ജാഗ്രത വേണമെന്നും സർക്കുലറിൽ നിർദേശം നൽകിയിട്ടുണ്ട്.

വിജയസാധ്യതയായിരിക്കണം മാനദണ്ഡമാക്കേണ്ടത്. വിജയ സാധ്യത ഉള്ളവരെ മാത്രം സ്ഥാനാർഥികളെ പരിഗണിക്കണം. തെരഞ്ഞെടുപ്പിൽ യുവത്വത്തിന് പ്രധാന്യം നൽകണം. പൊതു അംഗീകാരമുള്ള യുവതീ യുവാക്കളെ സ്ഥാനാർഥിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സിപിഐഎം അറിയിക്കുന്നു.

സാമൂഹ്യ ഘടകങ്ങൾ സ്ഥാനാർഥി നിർണയത്തിന് പരിഗണിക്കണം. തെരഞ്ഞെടുപ്പിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മത്സരിക്കേണ്ടതില്ലെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ മത്സരിക്കാൻ പാടില്ല. മുൻസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത് സീറ്റുകളിലേക്ക് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ മത്സരിക്കണമെങ്കിൽ സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം വേണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

സഹകരണ ജീവനക്കാരിൽ പ്യൂൺ മുതൽ കളക്ഷൻ ഏജൻ്റ് വരെയുള്ളവർ സ്ഥാനാർഥികളാകുന്നതിൽ ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ മറ്റു ജീവനക്കാർക്ക് മത്സരിക്കാൻ ഇളവ് അനുവദിച്ചിട്ടില്ല. അനിവാര്യമെങ്കിൽ ജനപ്രതിനിധിയായാൽ നിർബന്ധിത അവധിയിൽ പോകണമെന്നും, ഏരിയ ലോക്കൽ സെക്രട്ടറിമാർ മത്സരിക്കുകയാണെങ്കിൽ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കണമെന്നും സർക്കുലറിൽ പറയുന്നു.

ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ, ആർഎസ്എസ്, ബിജെപി എന്നിവരോട് സഹകരണം വേണ്ടെന്നും വർഗീയതയോട് സന്ധിയില്ലെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരിടത്തും ഈ വർഗീയ കക്ഷികളുമായി തെരഞ്ഞെടുപ്പ് ധാരണ പാടില്ലെന്നും സിപിഐഎം നിർദേശം നൽകിയിട്ടുണ്ട്.

SCROLL FOR NEXT