തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണാറായി വിജയൻ. അസാധ്യമായത് ഒന്നുമില്ലെന്ന് നാം തെളിയിക്കുകയാണ്. ഈ നേട്ടം കേരള ജനതയ്ക്കാകെ അവകാശപ്പെട്ടതാണെന്നും, ചരിത്ര പ്രധാനമായ കാര്യമാണ് എന്നും പിണറായി വിജയൻ പറഞ്ഞു. അത് ലോകത്തെ അറിയിക്കുക എന്ന് കണ്ടാണ് സഭയിലൂടെ പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സർക്കാർ നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ പറയാറുള്ളൂ. എന്താണ് പറഞ്ഞ കാര്യം അത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണ് എന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ സഭയിൽ ഉന്നയിച്ചു. എന്നാൽ തട്ടിപ്പെന്ന് പറയുന്നത് സ്വന്തം ശീലം കൊണ്ടാണ് എന്നായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്. നടപ്പാക്കാൻ കഴിയുന്ന കാര്യം എന്താണോ അതേ ഈ സർക്കാർ പറയാറുള്ളൂ. ഇപ്പോൾ നടപ്പായ കാര്യം നിലനിർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
ഓരോ കേരളപ്പിറവി ദിനവും ആഹ്ദത്തോടെ നാം ആഘോഷിക്കുന്നു. ഈ വർഷത്തെ കേരളപ്പിറവി ദിനം പുതുയുഗപ്പിറവിയുടെ ദിനമാണ്. ഇന്ന് ചരിത്രത്തിൽ ഇടം നേടുന്ന കേരളപ്പിറവിയാണ്. ചരിത്ര മുഹൂർത്തത്തിലാണ് ഇന്ന് സഭ സമ്മേളിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സജീവ ജനപങ്കാളിത്തത്തോടെയാണ് ഇതുമായി ബന്ധപ്പെട്ട പ്രക്രിയ നടന്നത്. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു. അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഉൾക്കൊണ്ടാണ് ഈ ഒരു പദ്ധതിയിൽ എത്തിച്ചത്. ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകൾ തയ്യാറാക്കിയിരുന്നു. 2025-26 ൽ 60 കോടി രൂപ പ്രത്യേകം അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഗ്രാമങ്ങളിൽ 90.7 ശതമാനവും നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെ നിന്നാണ് കേരളം അതിദാരിദ്ര്യം നിർമാർജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നത്. ആവശ്യമായ രേഖകൾ എല്ലാം ഇവർക്ക് എത്തിച്ചു നൽകി. മൂന്നുനേരം ഭക്ഷണത്തിന് കഴിയാത്തവർക്ക് അതുറപ്പാക്കി. 4677 കുടുംബങ്ങൾക്ക് വീട് ആവശ്യമായി വന്നു. ലൈഫ് മിഷൻ മുഖേന വീട് നിർമാണം പൂർത്തിയാക്കി. 2711 കുടുംബങ്ങൾക്ക് ആദ്യം ഭൂമി നൽകി. ഭവന നിർമ്മാണത്തിനു നടപടികൾ സ്വീകരിച്ചു. സ്ഥലം വിട്ടു നൽകിയ എല്ലാ സന്മനസുകൾക്കും നന്ദിയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
35,041 കുടുംബങ്ങളെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കി. 5132 കുടുബങ്ങൾക്ക് റേഷൻ കാർഡ് ലഭ്യമാക്കി. 331 കുടുംബങ്ങൾക്ക് വൈദ്യുതി കണക്ഷൻ നൽകി. അതിദാരിദ്ര്യം വീണ്ടും തലപൊക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. അഭിമാനകരമായ നേട്ടം കേരളത്തിന് ആകെ അർഹതപ്പെട്ടതാണ്. കേരളം നവ കേരള സൃഷ്ടിക്ക് സുപ്രധാനമായ പടവുകൂടി കടന്നിരിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയതിന് പിന്നാലെ സഭാ സമ്മേളനം സർക്കാർ തന്നെ പ്രഹസനം ആക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ചട്ടം 300 വായിക്കുവാൻ വേണ്ടി മാത്രം സഭ വിളിച്ചു. ഒരു ചർച്ചയും നടന്നില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ട് തിരിച്ചു പോകുവാൻ വേണ്ടി 140 എംഎൽഎമാരെയും വിളിച്ചുവരുത്തിയതാണ്. തെരഞ്ഞെടുപ്പിൻ്റെ തലേ ആഴ്ച ജനങ്ങളെ വിഡ്ഢികളാക്കാൻ വേണ്ടി നടത്തുന്ന പിആർ പ്രൊപ്പഗാണ്ടയാണിതെന്നും സതീശൻ വിമർശനമുന്നയിച്ചു.
അതി ദാരിദ്ര്യ മുക്ത പ്രഖ്യാപനവുമായി ബന്ധപ്പെട്ട പൊതുസമ്മേളനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് നടക്കും. കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.